തൃശൂർ :വിയ്യൂർ സെന്‍ട്രല്‍ ജയിലിൽ അസിസ്‌റ്റന്‍റ് ജയിലറെ ആകാശ് തില്ലങ്കേരിയും സുഹൃത്തും ചേർന്ന് മർദിച്ചു. അസി. ജയിലർ രാഹുലിനാണ് മർദനമേറ്റത്. പരുക്കേറ്റ രാഹുൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടി.
ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. ക്വട്ടേഷനും സ്വർണക്കടത്തുമുൾപ്പെടെയുള്ള കേസുകളിൽ കാപ്പ ചുമത്തിയാണ് ആകാശിനെ അറസ്റ്റ് ചെയ്‌തത്. ജയിലിൽ ആകാശിന് അനധികൃത പരിരക്ഷ ലഭിക്കുന്നുണ്ടെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥന് മർദനമേറ്റ വിവരം പുറത്താകുന്നത്.
ഫാൻ കറങ്ങുന്നതിനെ ചൊല്ലിയായിരുന്നു ആകാശ് ജയിലറെ മർദിച്ചതെന്നാണ് വിവരം. ഇന്ന് വൈകിട്ട് 4.30നാണ് രാഹുലിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കഴുത്തിനും നെഞ്ചിനും പരുക്കേറ്റ രാഹുലിനെ വിദഗ്‌ദ ചികിത്സയ്‌ക്ക് വിധേയനാക്കി.
കാപ്പ ചുമത്തി തടങ്കലിൽ : ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയേയും സുഹൃത്ത് ജിജോ തില്ലങ്കേരിയേയും കാപ്പ ചുമത്തി മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രകോപനപരമായ പ്രസംഗം, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജില്ല കലക്‌ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു അറസ്‌റ്റ്. പൊലീസ് മേധാവിയുടെ ശുപാർശ പ്രകാരമായിരുന്നു കലക്‌ടറുടെ ഉത്തരവ്.
തുടർന്നാണ് ആറ് മാസത്തെ കരുതൽ തടങ്കലിനായി ആകാശിനെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചത്. ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയാണ് ആകാശ്. മറ്റ് കേസുകളിൽ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് കേസിൽ ആകാശിന് ജാമ്യം അനുവദിച്ചിരുന്നത്. തുടർന്ന് സിപിഎമ്മിനെതിരായ ഫേസ്‌ബുക്ക് പോസ്റ്റുകൾ വിവാദമായതോടെ ആകാശ് വീണ്ടും വാർത്തകളിൽ ഇടം നേടുകയായിരുന്നു.
പിന്നാലെ ഡിവൈഎഫ്ഐ വനിത നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാവുകയും ചെയ്‌തു. ഇതോടെയാണ് ആകാശിനെതിരെ കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയും ഫെബ്രുവരി 17ന് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മട്ടന്നൂർ കോടതിയിൽ നാടകീയമായി കീഴടങ്ങുകയുമായിരുന്നു.
സിപിഎമ്മിനെ വെട്ടിലാക്കിയ വെളിപ്പെടുത്തൽ : ആകാശ് തില്ലങ്കേരി നേരത്തേ ഫേസ്‌ബുക്കിലൂടെ നടത്തിയ ആരോപണങ്ങൾ സിപിഎം നേതൃത്വത്തെത്തന്നെ വെട്ടിലാക്കുന്നതായിരുന്നു. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്താൻ ആഹ്വാനം ചെയ്‌തവർക്ക് ജോലി കിട്ടി, നടപ്പിലാക്കിയ തങ്ങൾക്ക് പട്ടിണിയും പടിയടച്ച് പണ്ഡം വയ്‌ക്കലുമാണുണ്ടായതെന്നുമുള്ള ആകാശിന്‍റെ വെളിപ്പെടുത്തൽ വലിയ രാഷ്‌ട്രീയ കോലാഹലങ്ങൾക്കാണ് വഴിവച്ചത്.
'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ട് കൊലപാതകം നടത്തിച്ചത്. തങ്ങൾ വാതുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാവില്ല. ആഹ്വാനം ചെയ്‌തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ തങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്.
തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നത്'. ഇതായിരുന്നു ആകാശ് ഫേസ്‌ബുക്കിൽ കുറിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ്‌ബി പോസ്റ്റിന് കമന്‍റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്. പിന്നാലെ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ തള്ളി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജൻ രംഗത്തെത്തിയിരുന്നു.