തൃശൂർ:വിജയദശമി നാളില്‍ ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകളാണ് തൃശൂര്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ എത്തുന്നത്. ജില്ലയിലെ പ്രധാന ക്ഷേത്രമായ ചേർപ്പ് തിരുവുള്ളക്കാവിലും പുലർച്ചെ മുതല്‍ തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഇത്തവണ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
തിരുവുള്ളക്കാവ് വാരിയത്തെ ശ്രീധരൻ വാര്യരുടെ നേതൃത്വത്തിൽ അറുപതോളം ആചാര്യന്മാരാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്. എഴുത്തിനിരുത്തൽ വൈകീട്ടും തുടരും. ഭക്തജന തിരക്ക് കണക്കിലെടുത്ത് ഇക്കുറി 150 കിലോയുടെ അരി പായസവും, 500 കിലോയുടെ അപ്പം നിവേദ്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.