തൃശൂർ: കൊവിഡിനെ ചെറുക്കാൻ നിരവധി ആശയങ്ങളാണ് സംസ്ഥാനത്തിന്‍റെ നാനാഭാഗത്ത് നിന്നും ഉയരുന്നത്. അത്തരത്തിൽ പ്രാവർത്തികമാക്കിയ ആശയങ്ങളിലൊന്നാണ് വീഡിയോ കോളിലൂടെ പരിശോധന. തൃശൂർ ജില്ലയിലെ പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് പരിശോധനയും മരുന്നും വീഡിയോ കോളിലൂടെ നിർദേശിച്ച് നടപ്പിലാക്കിയത്. മൂന്ന് ദിവസമായി അമ്പതോളം പേർ ഈ സൗകര്യം വിനിയോഗിച്ചു. ഇതിനായി 30 പേരെയാണ് പുതുക്കാട് പഞ്ചായത്തിൽ ചുമതലപ്പെടുത്തിയിട്ടുള്ളത്.
പരിശോധന കഴിഞ്ഞവർക്ക് മരുന്ന് വീടുകളിലെത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി ഒരോ വാർഡിലും രണ്ട് വീതം ആളുകളെ പഞ്ചായത്തും ആരോഗ്യ വകുപ്പും നിയോഗിച്ചു. ഡോക്‌ടറുടെ കുറിപ്പ് വാട്‌സ് ആപ്പ് ചെയ്‌ത് നൽകിയാൽ പ്രത്യേകം ചുമതലയുള്ള ജീവനക്കാരൻ സന്ദേശം പ്രിന്‍റെടുത്ത് സന്നദ്ധപ്രവർത്തകർ വഴി മരുന്ന് വീടുകളിലെത്തിക്കും.