തൃശൂർ: ആനക്കമ്പക്കാരുടെ നാട്ടില്‍ എഴുപതിലധികം ഗജവീരൻമാർ നിരന്ന ആനയൂട്ട്. തൃശൂർ പൂരത്തോളം പ്രാധാന്യത്തോടെ വടക്കുന്നാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് കാണാൻ എത്തിയത് നൂറ് കണക്കിന് ആളുകൾ. പുലർച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ സിംഹോദരപ്രതിഷ്‌ഠക്ക് സമീപം പ്രത്യേക ഹോമകുണ്‌ഠത്തിൽ മഹാഗണപതിഹോമം ആരംഭിച്ചു. അഷ്‌ടദ്രവ്യങ്ങളായ 10,008 നാളികേരം, 2500 കിലോ അവിൽ, 2500 കിലോ ശർക്കര, 300 കിലോ മലർ, 150 കിലോ എള്ള്, 150 കിലോ നെയ്യ്, കരിമ്പ്, ഗണപതിനാരങ്ങ എന്നീ ദ്രവ്യങ്ങളാണ് ഹോമത്തിന് ഉപയോഗിച്ചത്.
ഔഷധക്കൂട്ടും പഴങ്ങളും നിറച്ച് വടക്കുന്നാഥന് മുന്നില്‍ ആനയൂട്ട്; ഇത്തവണ പിടിയാനകളും - anayoottu
മേൽശാന്തി കണിമംഗലം രാമൻ നമ്പൂതിരി ഏറ്റവും ചെറിയ ആനക്ക് ആദ്യ ഉരുള നൽകി ആനയൂട്ട് ഉദ്ഘാടനം ചെയ്‌തു
കർക്കടക പുലരിയിൽ നടക്കേണ്ട ആനയൂട്ട് ചന്ദ്രഗ്രഹണത്തെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഏഴ് പിടിയാനകളും ആനയൂട്ടിൽ പങ്കെടുത്തു. മേൽശാന്തി കണിമംഗലം രാമൻ നമ്പൂതിരി ഏറ്റവും ചെറിയ ആനക്ക് ആദ്യ ഉരുള നൽകി ആനയൂട്ട് ഉദ്ഘാടനം ചെയ്‌തു. 500 കിലോ അരിയുടെ ചോറ്, മഞ്ഞൾപ്പൊടി, ശർക്കര, എണ്ണ എന്നിവ ചേർത്ത് ഉരുളകളാക്കി ആനകൾക്ക് നൽകും. കൈതച്ചക്ക, പഴം, വെള്ളരിക്ക തുടങ്ങിയ ഒമ്പതോളം പഴവർഗങ്ങളും അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിന്‍റെ നിർദേശമനുസരിച്ച് ദഹനത്തിനുള്ള ഔഷധക്കൂട്ടും നല്‍കും.