തൃശൂര്‍: കാട്ടാനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഊര് മൂപ്പൻ മരിച്ചു. പാലപ്പിള്ളി സ്വദേശി മലയന്‍ വീട്ടില്‍ ഉണ്ണിച്ചെക്കന്‍(60) ആണ് മരിച്ചത്. മരിച്ച ഊര് മൂപ്പന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം നൽകുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മന്ത്രി ധനസഹായം പ്രഖ്യാപിച്ചത്.
കാട്ടാനയുടെ ആക്രമണത്തില്‍ ഊരുമൂപ്പന്‍ മരിച്ച സംഭവത്തില്‍ 10 ലക്ഷം ധനസഹായം നല്‍കും. തൃശൂര്‍ എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലിൽ ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഉണ്ണിച്ചെക്കന് പരിക്കേറ്റത്. ഫയര്‍ വാച്ചര്‍ ജോലിനോക്കുന്ന ഉണ്ണിച്ചെക്കന്‍ അടക്കം എട്ട് പേരെയാണ് ആന അക്രമിച്ചത്. പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം. ഓടി മാറുന്നതിനിടെ വീണ ഉണ്ണിച്ചെക്കനെ ആന കുത്തി വീഴ്‌ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ആനയെ തുരത്തിയതിന് ശേഷമാണ് ഉണ്ണിച്ചെക്കനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തുടയില്‍ സാരമായി പരിക്കേറ്റ ഉണ്ണിച്ചെക്കനെ പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം പതിവാണെന്നും സര്‍ക്കാര്‍ അടിയന്തര നടപടി കെെക്കൊള്ളണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം ഇന്നുതന്നെ ഊര് മൂപ്പന്‍റെ കുടുംബത്തിന് കെെമാറും. മറ്റ് എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും.