തൃശ്ശൂര്‍:മുണ്ടൂര്‍ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വരടിയം സ്വദേശികളായ ഡയമണ്ട് സിജോ, സഹോദരൻ മിൽജോ, കൂട്ടാളികളായ ജിനോ, അഖിൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച പുലർച്ചെയാണ് വരടിയം കുരിയാൽ പാല സ്വദേശി ശ്യാമിനെയും മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റഫറിനെയും കൊല്ലപ്പെടുത്തിയത്. ബൈക്കില്‍ സഞ്ചരിച്ചിരുന്നവരെ വാഹനമിടിപ്പിച്ച് വീഴ്ത്തിയതിന് ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേര്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരും അറസ്റ്റിലായവരും സ്വർണ തട്ടിപ്പ്, മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്. ഇരു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.
മുണ്ടൂർ ഇരട്ട കൊലപാതകം; നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്നാണ് കൊലപാതകമെന്ന് പൊലീസ്
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ തേടി പീച്ചി വന പ്രദേശത്തും ജില്ലയിലാകെയും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ശ്യാമിനെയും ക്രിസ്റ്റഫറിനെയും ഇടിച്ചിടാൻ പ്രതികൾ ഉപയോഗിച്ച വാഹനം ചേറൂരിൽ നിന്നും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ മുക്കാട്ടുകാരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും പൊലീസ് കണ്ടെടുത്തു. സംഘത്തിൽ ഉൾപ്പെട്ട അഭി, പ്രിൻസ് എന്നിവര്‍ക്കായും തെരച്ചില്‍ നടക്കുകയാണ്. തൃശൂർ ജില്ലയിൽ 'ഓപ്പറേഷൻ കന്നാബിസ്' എന്ന പേരിൽ നടത്തിയ പരിശോധനയില്‍ 181 പേര്‍ കരുതൽ തടങ്കലിലാണ്. വരും ദിവസങ്ങളിലും ജില്ലയില്‍ കനത്ത ജാഗ്രത പുലര്‍ത്താനാണ് പൊലീസ് തീരുമാനം.