കേരളം

kerala

By

Published : May 2, 2019, 7:11 PM IST

Updated : May 2, 2019, 8:15 PM IST

ETV Bharat / state

തൃശ്ശൂർ പൂരത്തോളം പ്രതാപത്തോടെ 'പൂരം പ്രദർശനം ' മുന്നേറുന്നു.

ഇരുന്നൂറോളം സ്റ്റാളുകളും അറുപതോളം പവലിയനുകളുമായാണ് ഇത്തവണ പൂരം പ്രദർശനത്തിന് എത്തിയിരിക്കുന്നത്

പൂരം പ്രദർശനം

തൃശൂർ: പൂരത്തോളം പ്രശസ്തി പൂരം പ്രദർശനത്തിനുമുണ്ട്. പൂരമില്ലെങ്കില്‍ പ്രദർശനവും, പ്രദർശനമില്ലെങ്കിൽ പൂരവുമില്ല എന്നതാണ് വാസ്തവം. ഇരുന്നൂറോളം സ്റ്റാളുകളും അറുപതോളം പവലിയനുകളുമായാണ് ഇത്തവണ പൂരം പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

പൂരം പ്രദർശനം


1948ൽ ഗാന്ധിജിയുടെ മരണത്തിലും 1963ൽ ചൈനീസ് ആക്രമണാലുണ്ടായ അടിയന്തര സാഹചര്യത്തിലും മാത്രമാണ് പൂരം പ്രദർശനം നടത്താതിരുന്നത്. പൂരം ചടങ്ങ് മാത്രമായാണ് അന്ന് നടത്തിയത്. പൂരക്കാലത്ത് ഒരു പ്രദർശനം എന്ന ആശയം ആദ്യമായി പ്രാവർത്തികമായത് 1932ലാണ്. സ്വാതന്ത്ര്യ സമരസേനാനികൾ രൂപംകൊടുത്ത ‘സ്വദേശി പ്രദർശനം’, സ്വാതന്ത്ര്യലബ്ദി വരെ തുടർന്നു. രണ്ട് പ്രാവശ്യത്തെ മുടക്കവും പിന്നീടുണ്ടായ പരാജയങ്ങളുമാണ് പ്രദർശന നടത്തിപ്പ് ഏറ്റെടുക്കാൻ ദേവസ്വങ്ങളെ പ്രേരിപ്പിച്ചത്. 1963 നവംബറില്‍ പ്രദർശന നടത്തിപ്പ് ദേവസ്വങ്ങൾക്കു കൈമാറാൻ നഗരസഭ തീരുമാനിച്ചു. 1964ൽ ദേവസ്വങ്ങളുടെ ആഭിമുഖ്യത്തിൽ ആദ്യ പ്രദർശനം നടത്തി. അന്നുമുതൽ ഇന്നുവരെ ‘തൃശൂർപൂരം പ്രദർശനം’ എന്നാണ് അറിയപ്പെടുന്നത്.

തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് പൂരം നടത്തിപ്പിനു വേണ്ട ചിലവിന്റെ നല്ലൊരു ഭാഗവും ലഭിക്കുന്നത് പ്രദർശനത്തിലൂടെയാണ്. ഐഎസ്ആർഒ, ബിഎസ്എൻഎൽ, വൈദ്യുതി ബോർഡ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രം, ഔഷധി, തൃശൂർ ജൂബിലി മിഷൻ ആശുപത്രി, കയർബോർഡ്, കേരള ഖാദി ഗ്രാമവ്യവസായ അസോസിയേഷൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കേരള പൊലീസ്, എക്സൈസ് വകുപ്പ്, കാർഷിക സർവകലാശാല, സാംസ്കാരിക വകുപ്പ്, ഗുരുവായൂർ ദേവസ്വം പവലിയൻ എന്നിവയാണ് പ്രദർശനത്തിൻെറ മുഖ്യ ആകർഷണം.


കൂടാതെ വീട്ടുപകരണങ്ങൾ, ഫർണിച്ചർ, കൂത്താമ്പുള്ളി കൈത്തറി, രാജസ്ഥാനി അച്ചാറുകള്‍, അലങ്കാര മത്സ്യപ്രദർശനവും വിപണനവുമടക്കം ഒട്ടേറെ സ്റ്റാളുകള്‍ സന്ദർശകർക്കായി സജ്ജമാണ്.

യന്ത്ര-ഊഞ്ഞാലിനു പുറമെ ബോട്ടിങ്, ഡ്രാഗൺ ട്രെയിൻ എന്നിവയടക്കം കുട്ടികൾക്ക് വിനോദസഞ്ചാര ഇടവുമുണ്ട്. വൈകുന്നേരങ്ങളിൽ പ്രദർശന ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സായാഹ്നങ്ങൾ ആഘോഷമാക്കുന്ന തൃശ്ശൂർക്കാർക്ക് പൂരം പ്രദർശനം കാണാൻ എത്തുക എന്നത് ജീവിതചര്യയുടെ ഭാഗമായിക്കഴിഞ്ഞു.

Last Updated : May 2, 2019, 8:15 PM IST

ABOUT THE AUTHOR

...view details