തൃശൂർ: നഗരത്തിൽ പട്ടാപ്പകൽ ബാങ്കിൽ നിന്നും പണം തട്ടിയ സംഭവത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിക്കാതെ പൊലീസ്. തൃശൂർ റൗണ്ടിലെ എസ്‌ബിഐ ബാങ്കിലാണ് പന്ത്രണ്ടോളം പേരടങ്ങിയ തട്ടിപ്പുസംഘം ജീവനക്കാരുടെ കണ്ണുവെട്ടിച്ച് നാല് ലക്ഷം രൂപ കവർന്നത്.
ബാങ്കിൽ നിന്നും പണം തട്ടിയ സംഭവത്തിൽ പ്രതികളെ പിടിക്കാനാകാതെ പൊലീസ് - thrissur sbi bank theft
മോഷണം നടത്തിയത് തമിഴ്‌നാട് സ്വദേശികളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഡിസംബർ 30ന് നടന്ന സംഭവം ബാങ്ക് ഉദ്യോഗസ്ഥർ പോലും വൈകിയാണ് മനസിലാക്കിയത്. വൈകിട്ട് ബാങ്കിലെ പതിവ് കണക്കെടുപ്പിനിടെയാണ് പണത്തിൽ കുറവ് കണ്ടെത്തിയത്. പണം എവിടെ പോയെന്ന് കണ്ടെത്താനായില്ലെങ്കിലും അധികൃതർ സംഭവം രഹസ്യമാക്കി വെക്കുകയായിരുന്നു. പിറ്റേ ദിവസമായിരുന്നു ഈസ്റ്റ് പൊലീസിൽ പരാതി നല്‍കിയത്.
തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. സംഭവ ദിവസം രാവിലെ ഒമ്പത് മണി മുതൽ പലപ്പോഴായി വന്ന സംഘാംഗങ്ങൾ ബാങ്കില്‍ വിവിധയിടങ്ങളിലായി സംശയത്തിനിട നല്‍കാതെ നിലയുറപ്പിക്കുകയും 12 മണിയോടെ ഇതിലൊരാൾ പണമടങ്ങിയ കെട്ടുമായി കടന്നുകളയുകയുമായിരുന്നു. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.