തൃശൂർ: പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് ജില്ലാ കലക്‌ടർ താൽക്കാലികമായി നിർത്തിവെച്ച പിരിവാണ് ഞായറാഴ്‌ച അർധരാത്രി മുതൽ പുനഃരാരംഭിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതിനായി ഓരോ ഭാഗത്തും നാല് ബൂത്തുകൾ വീതമാണ് തുറന്നിരിക്കുന്നത്. രണ്ട് ഫാസ്റ്റാഗ് ട്രാക്കുകളും രണ്ട് ക്യാഷ് ട്രാക്കുകളുമാണ് നിലവിൽ തുറന്നത്.
പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചു - ജില്ലാ കളക്ടർ
ടോൾ പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്‌കരിക്ക് മന്ത്രി ജി.സുധാകരൻ കത്ത് നൽകിയെങ്കിലും കേന്ദ്ര സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ല.
ലോക്ക് ഡൗൺ തീരുന്നതുവരെ ടോൾ പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കലക്ടർ ഇടപെട്ട് ടോൾ പിരിവ് നിർത്തിവെച്ചത്. എന്നാൽ നേരത്തെ ലഭിച്ച കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ടോൾ പിരിവ് ആരംഭിച്ചതെന്ന് കമ്പനി അധികൃതർ പറയുന്നു. ടോൾ പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്‌കരിക്ക് മന്ത്രി ജി.സുധാകരൻ കത്ത് നൽകിയെങ്കിലും കേന്ദ്ര സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ല.
മൂന്നാംഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെ ടോൾ പ്ലാസയിൽ നേരിയ തോതിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി നിരത്തിലിറങ്ങിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് ലോറികളും, മറ്റ് ജില്ലകളിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങളും ടോൾ പ്ലാസ കടന്നുപോകുന്നത് രോഗവ്യാപന സാധ്യത കൂട്ടുമെന്നാണ് പറയുന്നത്. ഈ സാഹചര്യം മുന്നിൽ കണ്ടാണ് ലോക്ക് ഡൗൺ തീരുന്നതുവരെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് നൽകിയത്. എന്നാൽ ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തിവെക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.