തൃശൂർ: മേടമാസത്തിലെ പൂരം നാൾ. വടക്കുംനാഥന്‍റെ മുന്നില്‍ പൂരം കൊട്ടിക്കയറുന്ന ദിവസം. കൊവിഡ് മഹാമാരിയായി മാറിയപ്പോൾ മേടച്ചൂടിൽ കൊട്ടിത്തകർക്കേണ്ട വടക്കുംനാഥ ക്ഷേത്രമുറ്റം ഇന്ന് നിശബ്‌ദമാണ്. രാവിലെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ചെറുപൂരങ്ങളുടെ വരവില്ല. ശേഷം തെക്കേ ഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി ഗജവീരൻ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ പൂരപ്രേമികളുടെ മുന്നിലേക്ക് ഇറങ്ങുമ്പോൾ പൂരാഘോഷങ്ങൾ പരമകോടിയിലെത്തും. മഠത്തില്‍ വരവും പാറമേക്കാവിന്‍റെ പുറപ്പാടും കഴിഞ്ഞ് ഇലഞ്ഞിത്തറ മേളത്തിലെത്തുമ്പോൾ ലോകം വിസ്മയത്തോടെ കണ്ടിരുന്ന തൃശൂർ പൂരം ഇത്തവണ ചടങ്ങുകൾ മാത്രമാണ്. തെക്കോട്ടിറക്കവും കുടമാറ്റവും കഴിഞ്ഞ് വെടിക്കെട്ടോടെ പൂര ദിനം അവസാനിക്കുമ്പോൾ പൂരം ആവേശം മാത്രമല്ല, മലയാളിയുടെ അഭിമാനം കൂടിയായിരുന്നു. ഇത്തവണ വാദ്യമേളങ്ങളും ഗജവീരന്മാരും കാഴ്‌ചക്കാരുമില്ലാതെ ചടങ്ങ് മാത്രമായി പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാൽ ക്ഷേത്ര മതിൽ കെട്ടിനകത്ത് അഞ്ച് പേർ മാത്രം പങ്കെടുത്താകും ചടങ്ങുകൾ നടത്തുക.
മേളപ്പെരുമയും ആനച്ചന്തവുമില്ല: പുരുഷാരമില്ലാതെ പൂരങ്ങളുടെ പൂരം - തൃശൂർ പൂരം 2020
തൃശൂരിന്‍റെ ഓർമയില്‍ ആദ്യമായി ഇന്ന് തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടക്കുകയാണ്. നാടൊരുമിച്ച് കൊവിഡിനെ നേരിടുമ്പോൾ പൂരാഘോഷങ്ങൾക്ക് തല്‍ക്കാലം വിടപറയുകയാണ് തൃശൂർ. നാളെ ഉപചാരം ചൊല്ലി പിരിയലും ഉണ്ടാകില്ല.
തൃശൂര്‍ പൂരത്തിന്‍റെ പ്രധാന പങ്കാളികളായ പാറമേക്കാവ് - തിരുവമ്പാടി ക്ഷേത്രങ്ങളിൽ അഞ്ച് പേർ മാത്രം അകത്ത് പ്രവേശിച്ച് ചടങ്ങുകൾ നടത്തും. എട്ട് ഘടക ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകൾ ഒന്നും ഉണ്ടാകില്ല. പാറമേക്കാവിലും തിരുവമ്പാടിയിലും രാവിലെ ശ്രീഭൂത ബലി നടക്കും. രണ്ടിടത്തും രാവിലെ ഒമ്പത് മണിയോടെ എല്ലാ പൂജകളും പൂർത്തിയാക്കി നട അടയ്ക്കും. വൈകീട്ട് നാലിന് നടുവിൽ മഠത്തിൽ തിരുവമ്പാടിയുടെ ആറാട്ട് നടക്കും. തിടമ്പ് കയ്യിൽ എടുത്താകും കൊണ്ടു പോവുക. തിരിച്ചെത്തിയാൽ ഉടൻ കൊടിയിറക്കും. പാറമേക്കാവിൽ ക്ഷേത്രത്തിന് അകത്ത് മാത്രമാകും ചടങ്ങുകൾ. നാളെ ക്ഷേത്ര കുളത്തിൽ തന്നെ ആറാട്ട് നടത്തും. നാളെ ഉപചാരം ചൊല്ലി പിരിയലും ഉണ്ടാകില്ല. നാടൊരുമിച്ച് കൊവിഡിനെ നേരിടുമ്പോൾ പൂരാഘോഷങ്ങൾക്ക് തല്‍ക്കാലം വിടപറയുകയാണ് തൃശൂർ.