തൃശൂർ: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് വൻസുരക്ഷ. തണ്ടർബോൾട്ടും ബോംബ് സ്‌ക്വാഡും അടക്കം ഇതുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ സുരക്ഷാക്രമീകരണമാണ് തൃശൂർ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
തണ്ടർബോൾട്ടും ബോംബ് സ്‌ക്വാഡും; തൃശൂർ പൂരത്തിന് അതീവ സുരക്ഷ - പൂരം
ഇതുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ സുരക്ഷാക്രമീകരണമാണ് തൃശ്ശൂർ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്, എല്ലാവരെയും പരിശോധനക്ക് വിധേയമാക്കും. സ്ത്രീകളെ പരിശോധിക്കുന്നതിന് പ്രത്യേകം വനിതാ സ്ക്വാഡ് ഉണ്ടായിരിക്കും
പൂരം ദിവസമായ 13-ന് വടക്കുംനാഥ ക്ഷേത്രത്തിലെത്തുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും. സ്ത്രീകളെ പരിശോധിക്കുന്നതിന് പ്രത്യേകം വനിതാ സ്ക്വാഡ് ഉണ്ടായിരിക്കും. പരിശോധനയ്ക്കായി പടിഞ്ഞാറെ ഗോപുരനടയിലും കിഴക്കേ ഗോപുരനടയിലും അത്യാധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 40 ഡോർഫ്രെയിംഡ് മെറ്റൽ ഡിറ്റക്ടറുകളാണ് ഇത്തവണ ഉപയോഗിക്കുന്നത്. പൂരം കാണാനെത്തുന്നവർ ബാഗുകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. സേവനത്തിൽ 10 ഡോഗ് സ്ക്വാഡുകളും ഉണ്ടായിരിക്കും. ബോംബ് കണ്ടെത്തുന്ന സ്ഥലത്ത് നിന്ന് തന്നെ നിർവീര്യമാക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി കെട്ടിടങ്ങളിൽ തീരദേശ പൊലീസ് ഉപയോഗിക്കുന്ന ബൈനോക്കുലറുകൾ സ്ഥാപിച്ചിട്ടുണ്ട്.
വടക്കുംനാഥക്ഷേത്രം, തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട് പരിസരങ്ങൾ എന്നിവിടങ്ങളിൽ 80 സിസിടിവി ക്യാമറകളിലൂടെയുള്ള തത്സമയദൃശ്യങ്ങൾ പൊലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.