തൃശൂർ:നാട്ടുകാരുടെ കണ്ണിലുണ്ണി 'ടിന്‍റുമോൾ'ക്ക് ഇനി അർബുദത്തിന്‍റെ വേദന സഹിച്ച് തെരുവിൽ അലയേണ്ടി വരില്ല. 'ടിന്‍റുമോൾ ' എന്ന നായ്ക്കുട്ടിക്കാണ് തൃശൂര്‍ കയ്പമംഗലം ജനമൈത്രി പൊലീസിന്‍റെയും നാട്ടുകാരുടെയും ഇടപെടൽ മൂലം മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ ചികിത്സ സാധ്യമാകുന്നത്. തൃശൂര്‍ കയ്പമംഗലത്ത് അഞ്ച് വർഷം മുൻപ് പള്ളിനടയിൽ ആരോ ഉപേക്ഷിച്ച് വാഹനാപകടത്തിൽ കാലിനും, തലക്കും പരിക്കേറ്റ നിലയിലാണ് പ്രദേശവാസികൾ നായ്ക്കുട്ടിയെ കാണുന്നത്. തുടർന്ന് നാട്ടുകാര്‍ ചേർന്ന് ഇതിന് വേണ്ട ചികിത്സ നൽകി. പരിക്കുകൾ ഭേദപ്പെട്ട നായ്ക്കുട്ടിക്ക് ടിന്‍റുമോൾ എന്ന പേരും നൽകി നാട്ടുകാരുടെ പ്രിയപ്പെട്ടവളായി മാറി. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ടിന്‍റുവിന്‍റെ പിൻഭാഗത്ത് ഒരു വ്രണം കാണപ്പെടുന്നത്. വ്രണം പഴുത്ത ഭാഗത്ത് മരുന്ന് വെക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി.
ടിന്‍റു മോൾക്ക് ചികിത്സ ഉറപ്പാക്കി മണ്ണുത്തി വെറ്റിനറി ആശുപത്രി - മണ്ണുത്തി വെറ്റിനറി ആശുപത്രി
ടിന്‍റു മോളുടെ അർബുധ രോഗത്തിന് സർജറിയും ആറോളം കീമോയും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്
അസഹ്യമായ വേദന മൂലം നാട് മുഴുവനും ഓടി നടക്കുന്ന ടിന്‍റു മോൾ നാട്ടുകാർക്ക് സങ്കട കാഴ്ച്ചയായി മാറിയിരുന്നു. നാട്ടുകാർ വിവരം കയ്പമംഗലം ജനമൈത്രി പൊലീസിനെ അറിയിച്ചതിലൂടെയാണ് ടിന്‍റു മോൾക്ക് വിദഗ്ധ ചികിത്സക്ക് സാഹചര്യം ഒരുങ്ങിയത്. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലാണ് നായക്ക് ചികിത്സ ലഭ്യമാക്കുന്നത്. ചികിത്സക്ക് ശേഷം ടിന്‍റു മോളെ സംരക്ഷിക്കാമെന്ന് ഏറ്റിട്ടുള്ള പള്ളിനടയിലെ നാട്ടുകാർക്ക് തിരികെ നൽകുവാനാണ് ആഗ്രഹിക്കുന്നതെന്നും എസ്ഐ സുബിന്ദ് അറിയിച്ചു. ടിന്‍റു മോളുടെ അർബുധ രോഗത്തിന് സർജറിയും ആറോളം കീമോയും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് രാവിലെ മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അസുഖം ഭേദമായി ഊർജസ്വലയായി ടിന്‍റു മോൾ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ഒരു നാടാകെ.