കേരളം

kerala

ETV Bharat / state

നാട്ടിലിറങ്ങിയ കടുവയെ പിടിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി: മന്ത്രി കെ രാജു - ബിനീഷ് മാത്യു

കടുവയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി വിവിധ ഇടങ്ങളിലായി 20 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കടുവ ആക്രമണത്തില്‍ മരിച്ച ബിനീഷ് മാത്യുവിന്‍റെ കുടുംബത്തിന് 10 ലക്ഷം നല്‍കും.

tiger  tiger in koonni  K Raju  capture tiger  കടുവ  കോന്നിയില്‍ കടുവ ആക്രമണം  കോന്നി  ബിനീഷ് മാത്യു  മന്ത്രി കെ രാജു
കടുവയെ പിടിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി: മന്ത്രി കെ രാജു

By

Published : May 10, 2020, 11:00 AM IST

പത്തിനംതിട്ട:കോന്നി തണ്ണിത്തോട്ടില്‍ ഭീതി വിതച്ച കടുവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വനംവകുപ്പ് മന്ത്രി കെ രാജു. ടാപ്പിങ് തൊഴിലാളിയായ ബിനീഷ് മാത്യുവിനെ കടുവ കടിച്ചുകൊന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കടുവയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി വിവിധ ഇടങ്ങളിലായി 20 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തേക്കടി ടൈഗര്‍ മോണിറ്ററിംഗ് സെല്ലിന്‍റെ സഹായത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചത്.

കടുവയെ പിടിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി: മന്ത്രി കെ രാജു

ആങ്ങമൂഴി, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നും കടുവയെ പിടിക്കുന്നതിനായി രണ്ടു കൂടുകളും എത്തിച്ചിട്ടുണ്ട്. കടുവ പ്രദേശത്ത് തന്നെ ഉള്ളതിനാല്‍ ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വെടിവയ്പ് വിദഗ്ധനായ ഡോ. അരുണ്‍ സക്കറിയ വയനാട്ടില്‍ നിന്നും പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കടുവ കൂട്ടില്‍ കയറിയില്ലെങ്കില്‍ മയക്കു വെടിവെക്കാനാണ് സംഘം തയാറെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വനം വകുപ്പിന്‍റെ തേക്കടി, റാന്നി റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങള്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ തണ്ണിത്തോട് എസ്റ്റേറ്റിലെ മേടപ്പാറ- സി ഡിവിഷനില്‍ ടാപ്പിങ് നടത്തി കൊണ്ടിരുന്ന ബിനീഷ് മാത്യുവിനെയാണ് കടുവ കൊലപ്പെടുത്തിയത്. കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നല്‍കും. അഞ്ചു ദിവസത്തിനുള്ളില്‍ തുക കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details