തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണം പ്രകൃതി സൗഹാർദമാക്കി മാറ്റി കലാകാരനായ ചെറൂർ സ്വദേശി ടി.ജി നാരായണൻ കുട്ടി. പ്രചാരണത്തിലെ അമിതമായ പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കാൻ മൂന്ന് മൂന്നണികളുടെയും ചിഹ്നങ്ങൾ കുരുത്തോലയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ഈ കലാകാരൻ. അരിവാളും നക്ഷത്രവും കുരുത്തോലയിലും വാഴയുടെ ഉണ്ണി പിണ്ടിയും കായ തണ്ടും കൂടി ചേര്‍ന്ന് ചുറ്റികയും ആയതോടെ പ്രചാരണം പൂർണമായും ജൈവം.
പ്രകൃതിയെ നശിപ്പിക്കാതെ പ്രചാരണം; കുരുത്തോലയിൽ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ - palms
പ്രചാരണത്തിലെ അമിതമായ പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്താൻ മൂന്ന് മൂന്നണികളുടെയും ചിഹ്നങ്ങൾ കുരുത്തോലയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ചെറൂർ സ്വദേശി ടി.ജി നാരായണൻ കുട്ടി
പ്രകൃതിദത്ത പ്രചാരണത്തിന്‍റെ സാധ്യത മനസിലാക്കിയതോടെ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നാരായണൻ കുട്ടിയുടെ പിന്നാലെയാണ്. ആവശ്യക്കാർ മുൻകൂട്ടി അറിയിച്ചാൽ ഇവയൊക്കെ നിർമിച്ച് നൽകും. ഉത്സവാഘോഷങ്ങൾക്ക് കുരുത്തോലകൊണ്ട് വേദി അലങ്കരിക്കലായിരുന്നു നാരായണൻ കുട്ടിയുടെ പ്രധാന തൊഴിൽ. വിവിധ ആകൃതികളിൽ വെട്ടിയെടുത്ത പച്ചയും ചുവപ്പും ഓറഞ്ചും വെള്ളയും റിബണുകൾ കുരുത്തോലയിൽ ചേർത്ത് വച്ച് അലങ്കരിക്കും.
പാർട്ടി ചിഹ്നങ്ങൾ മാത്രമല്ല, തോരണങ്ങളും ഇങ്ങനെ മനോഹരമായി ഉണ്ടാക്കാം. ചിഹ്നങ്ങൾ നിർമിക്കുമ്പോൾ ഓല കൃത്യമായി വെട്ടി എടുക്കുന്നതാണ് പ്രധാന വെല്ലുവിളി. ഉത്സവങ്ങളും പള്ളിപെരുന്നാളും തുടങ്ങി തൃശൂർ പൂരത്തിന് വരെ നാരായണൻ കുട്ടിയുടെ കുരുത്തോല അലങ്കാരങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ആഘോഷങ്ങൾ ഏതായാലും സന്ദർഭങ്ങൾക്കനുസരിച്ച് നാരായണൻ കുട്ടി കുരുത്തോലയിൽ വിസ്‌മയം തീർക്കും. പ്രേമം, ബാംഗ്ലൂർ ഡേയ്‌സ്, നിവേദ്യം തുടങ്ങിയ സിനിമകളിലെ ഗാനങ്ങളുടെ ചിത്രീകരണത്തിന് രംഗസജ്ജീകരണവും നിർവഹിച്ചിട്ടുണ്ട് ഈ കലാകാരൻ.