തൃശൂർ: ചാലക്കുടി പുഴയുടെയും പറമ്പിക്കുളം ഉള്‍പ്പെടെയുള്ള ഡാമുകളുടെ വൃഷ്‌ടിപ്രദേശത്തും മഴ കുറഞ്ഞത് ചാലക്കുടിയിലെ ആശങ്കയ്‌ക്ക് ആശ്വാസമായി. ചാലക്കുടി പുഴയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായി തുടരുന്നു. എങ്കിലും അതീവ ജാഗ്രത തുടരുകയാണ്. കേരളത്തിൽ നിന്നും തെക്കൻ കർണാടകത്തിലേക്ക് മഴ മാറുന്നത് ആശ്വാസകരമാണെന്ന് മന്ത്രി കെ.രാജൻ തൃശൂരില്‍ വ്യക്തമാക്കി.
മന്ത്രി കെ.രാജൻ മാധ്യമങ്ങളോട് മുല്ലപ്പെരിയാറിലെ പരമാവധി ജലം തമിഴ്‌നാടിനോട് എടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി രാജന്‍ അറിയിച്ചു. ഇന്നലെ കേരളത്തിൽ നാലര സെൻ്റീമീറ്റർ മുതൽ 17 സെന്‍റീമീറ്റർ വരെ മഴ പെയ്‌തു. മുല്ലപ്പെരിയാറിൽ എൻ.ഡി.ആർ.എഫ് ടീമിനെ വിന്യസിപ്പിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ ആവശ്യം വന്നാൽ സജ്ജമാണെന്നും പാലക്കാട് മലമ്പുഴ ഡാം തുറക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം തെക്കന്‍ കര്‍ണാടകയിലേക്ക് മഴ മാറുന്നതിനാല്‍ വടക്കൻ മേഖലയിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും കെ.രാജന്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിലവിൽ 989 കുടുംബങ്ങളിലെ 2767 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇന്ന്(05.08.2022) പുലർച്ചെ വരെ ചാലക്കുടി ഉള്‍പ്പടെയുള്ള പുഴകളിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയർന്നിട്ടില്ല. എന്നാല്‍ ജലനിരപ്പ് ഇപ്പോഴും വാണിങ് ലെവലില്‍ തുടരുകയാണ്. 7.27 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. മഴ ഭീഷണിയിൽ ഇന്നും തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിന്‍. വൃഷ്‌ടിപ്രദേശങ്ങളില്‍ അതിവേഗം ജലനിരപ്പ് ഉയരുന്നതിനാല്‍ ജലനിരപ്പ് പരമാവധി കുറച്ചു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകനാണ് കത്തയച്ചത്.
വരും ദിവസങ്ങളില്‍ അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 136 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നു. രാത്രിയില്‍ അപ്രതീക്ഷിതമായി അതിതീവ്രവഴ പെയ്‌താല്‍ ഡാം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടാകും. ജനങ്ങള്‍ ആശങ്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. ഡാം തുറക്കുന്നതിന് മുമ്പ് മതിയായ മുന്നറിയിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും രാത്രി ഡാം തുറക്കുന്നത് ഒഴിവാക്കണമെന്നും തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.