തൃശ്ശൂര്‍:ചരിത്ര പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം നാളെ (ചൊവ്വാഴ്ച). പൂരത്തിനായി തൃശ്ശൂര്‍ നഗരി ഒരുങ്ങിക്കഴിഞ്ഞു. പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി. ശേഷം തെക്കേഗോപുരനട തള്ളിതുറന്ന ഗജവീരന്‍ പുറത്ത് കാത്ത് നിന്ന പുരുഷാരത്തിന്‍റെ ആരവങ്ങളും ആര്‍പ്പുവിളികള്‍ക്കും പുഷ്പവൃഷ്ടിയും കണ്ട് തുമ്പി ഉയർത്തി പൂരമറിയിച്ചു.
ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്ന് തവണ ശംഖ് മുഴക്കി പൂര വിളംബരം നടത്തി. ഇതോടെ പൂരങ്ങളുടെ പൂരത്തിന് തുടക്കമായി. രാവിലെ എട്ടോടെ കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്നും മേളത്തിന്റെ അകമ്പടിയോടെയാണ് നെയ്തലക്കാവിലമ്മ പുറപ്പെട്ടത്.
സേവ്യർ ചിറ്റിലപ്പിള്ളി എം.എല്‍.എ അടക്കമുള്ളവർ എഴുന്നെള്ളത്തിനെ അനുഗമിച്ചിരുന്നു. പത്തരയോടെ വടക്കുന്നാഥ ക്ഷേത്ര മെെതാനത്ത് എത്തിയ ശിവകുമാറിനേയും കാത്ത് ആരാധകർ തെക്കേ ഗോപുര നടയിലും പടിഞ്ഞാറേ നടയിലും മണികണ്ഠനാലിലും ഉണ്ടായിരുന്നു. പടിഞ്ഞാറെ ഗോപുരം കടന്ന് വടക്കും നാഥനെ വണങ്ങി പൂരമറിയിച്ചു.