തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം നടത്തിപ്പ് ഉപേക്ഷിക്കാൻ സാധ്യത. ചടങ്ങുകൾ മാത്രമായി പൂരം എങ്ങനെ നടത്താനാകുമെന്ന ആലോചനയിലാണ് ദേവസ്വം ബോർഡ്. സംസ്ഥാന മന്ത്രിമാരുമായി ചേർന്ന് നടത്തുന്ന ഉന്നതതല യോഗത്തിൽ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാക്കും.
ഇത്തവണത്തെ തൃശൂർ പൂരം ഉപേക്ഷിക്കാൻ സാധ്യത - അന്തിമ തീരുമാനം
ലോക്‌ഡൗൺ നീട്ടിയതോടെ മെയ് 2 ന് നടക്കേണ്ട തൃശൂർ പൂരം പൂർണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ദേവസ്വം ബോർഡ്.
ലോക്‌ഡൗൺ നീട്ടിയതോടെ മെയ് 2 ന് നടക്കേണ്ട തൃശൂർ പൂരം പൂർണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ദേവസ്വം ബോർഡ്. പൂരത്തിൻ്റെ ചടങ്ങുകൾ മാത്രമായി എങ്ങനെ നടത്താനാകും എന്നാണ് ഇപ്പോൾ തിരുവമ്പാടി- പാറമേക്കാവ് വിഭാഗങ്ങളുടെ ആലോചന. തൃശൂർ പൂരത്തിൻ്റെ ചടങ്ങുകളിൽ പലതും ക്ഷേത്രത്തിന് പുറത്ത് വെച്ച് നടക്കുന്നതാണ്. അതുകൊണ്ട് ആളുകൾ എത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൂരച്ചടങ്ങുകൾ പതിവു പോലെ നടത്താനാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിലപാട്. സർക്കാരിൻ്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന നിലപാടിലാണ് പൂരം നടത്തിപ്പ് ഭാരവാഹികൾ
വ്യാഴാഴ്‌ച മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ് സുനിൽ കുമാറും ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്തും. കൊവിഡ് വ്യാപനത്തിനുള്ള സാധ്യത മുൻനിർത്തി ഗുരുവായൂർ, തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം നിർത്തി വച്ചിരിക്കുകയാണ്. വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം ഇതിനോടകം ചടങ്ങുകൾ മാത്രമാക്കിയാണ് നടത്തിയത്. കൊടുങ്ങല്ലൂർ ഭരണിയും ചടങ്ങുകളിലൊതുക്കുകയാണ് ചെയ്തത്.