തൃശൂര്‍ :തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ വെടിക്കെട്ടുപുരയ്‌ക്ക് സമീപം മദ്യലഹരിയിൽ പടക്കം പൊട്ടിച്ച മൂന്നംഗ സംഘം പൊലീസ് പിടിയില്‍. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശൂർ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് അറസ്റ്റിലായത്. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന ഷെഡിന് സമീപമാണ് യുവാക്കള്‍ ചൈനീസ് പടക്കങ്ങൾ പൊട്ടിച്ചത്. വെള്ളിയാഴ്‌ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.
വെടിക്കെട്ടുപുരയ്‌ക്ക് സമീപം പടക്കം പൊട്ടിച്ച യുവാക്കള്‍ അറസ്റ്റില്‍ പൂരം വെടിക്കെട്ട് കാണാനാണ് കോട്ടയം സ്വദേശികൾ തൃശൂരിലെത്തിയത്. വെടിക്കെട്ട് മാറ്റിവച്ചതിനെ തുടർന്ന് തേക്കിൻകാട്ടിലേക്ക് മദ്യലഹരിയില്‍ പടക്കസാമഗ്രികളുമായി എത്തി തീ കൊളുത്തുകയായിരുന്നു.
എന്നാല്‍ സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടതോടെ യുവാക്കള്‍ കുടുങ്ങി. അതുവഴി പോയ എ.സി.പി കെ.രാജു സംഭവം കാണാനിടയാകുകയും ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുമായി ചേര്‍ന്ന് സംഘത്തെ തടയുകയുമായിരുന്നു. മൂവരും കുതറിയോടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടിച്ചു.
Also Read: മഴയെ തുടർന്ന് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്‌ച നടക്കും
വെടിക്കെട്ട് പുരയിൽ പൂരം വെടിക്കെട്ടിന് പൊട്ടിക്കാനുള്ള വൻ വെടിക്കോപ്പ് ശേഖരമാണ് സൂക്ഷിച്ചിട്ടുള്ളത്. വെടിക്കെട്ട് പുരകൾ 40 അടി അകലത്തിൽ ബാരിക്കേഡ് കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ യുവാക്കളെ പൊലീസ് ചോദ്യം ചെയ്യും.