തൃശൂർ: വിദേശത്ത് നിന്നെത്തുന്ന പ്രവാസികളെ 14 ദിവസം ക്വാറൻ്റൈൻ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. 47,500 പ്രവാസികളാണ് ജില്ലയിലേക്ക് വരുന്നതെന്നും കലക്ടര്‍ വ്യക്തമാക്കി. ഏറ്റവുമധികം ആളുകൾ എത്തുന്നത് മിനി ഗൾഫ് എന്നറിയപ്പെടുന്ന ചാവക്കാടേക്കാണ്.
മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ തൃശൂർ സജ്ജം തൃശൂർ ജില്ലയിലേക്കെത്തുന്ന 47500 പ്രവാസികൾക്കായി 12000 നിരീക്ഷണ മുറികളാണ് ജില്ലാ ഭരണകൂടം സജ്ജമാക്കിയിരിക്കുന്നത്. ഇവർക്ക് 14 ദിവസം ക്വാറൻ്റൈൻ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിന് വിധേയമായാൽ മാത്രമേ വീടുകളിലേക്ക് മടങ്ങാനാകു.
15 വിമാനങ്ങളാണ് നാട്ടിലേക്കെത്താൻ ഇവർക്കായി ഒരുക്കിയത്. ആദ്യ ആഴ്‌ച കേരളത്തിലെത്തുന്ന 3800 പേരിൽ 500 പേർ തൃശൂരിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഓരോ കെട്ടിടത്തിനും ചുമതലക്കാരാനായ ഒരു ഓഫീസർ, ഒരു മെഡിക്കൽ ഓഫീസർ, വോളണ്ടിയർമാർ, ആയുർവേദ ഡോക്ടർമാരുടെ സംഘം എന്നിവർക്കാണ് ചുമതലയെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് പറഞ്ഞു.
പ്രവാസികൾ ഏറെയുള്ളതിനാൽ ചാവക്കാടേക്ക് ധാരാളം ആളുകൾ എത്തുന്നതിനാൽ ഗുരുവായൂരിലെ ലോഡ്‌ജുകളിലും ഹോട്ടൽ മുറികളിലും അപ്പാർട്ട്‌മെൻ്റുകളിലും ക്വാറൻൈൻ സൗകര്യങ്ങൾ ഒരുക്കിയതായി ഗുരുവായൂർ എംഎൽഎ കെ വി അബ്ദുൽഖാദർ പറഞ്ഞു.
റോഡ്, റെയിൽ, കപ്പൽ, വിമാനം എന്നിവ വഴിയെത്തുന്നവരുടെ വിവരങ്ങളറിയാൻ ജില്ലാ കലക്ടറേറ്റിൽ പ്രത്യേകമായി അഞ്ച് ഫോൺ നമ്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ട്രെയിൻ മാർഗം ജില്ലയിലെത്തുന്നവർക്കായി തൃശൂർ റെയിൽവെ സ്റ്റേഷനിൽ പ്രത്യേക ആരോഗ്യ പരിശോധനാസൗകര്യം, വിശ്രമസൗകര്യം എന്നിവ ഏർപ്പെടുത്തുമെന്നും ജില്ലാ കലക്ടർ എസ് ഷാനവാസ് വ്യക്തമാക്കി.