തൃശ്ശൂർ : റോയൽ എൻഫീൽഡ്, ട്രയംഫ്, ഇമ്പാല... ലോക പ്രശസസ്‌തമായ വാഹന നിർമാതാക്കളുടെ സൈക്കിൾ മോഡലുകളാണ് തൃശൂർ നെല്ലിക്കുന്ന് സ്വദേശി ഡേവിസിന്‍റെ വീട് നിറയെ. ഈ കമ്പനികൾ ഒരു നൂറ്റാണ്ട് മുൻപ് പുറത്തിറക്കിയ അസ്സൽ വിന്‍റേജ് സൈക്കിളുകൾ...
റാലി ഇംഗ്ലണ്ട്, ഹെർക്കുലീസ്, ഫിലിപ്‌സ്, റോബിൻഹുഡ് തുടങ്ങി 50ലേറെ വ്യത്യസ്‌ത ബ്രാൻഡുകൾ... 120ഓളം വിന്‍റേജ് സൈക്കിളുകൾ.. 15 വർഷമായി തുടരുന്ന സൈക്കിൾ സമാഹരണം ഹരമായി മാറിയപ്പോൾ വീട്ടിലെ കിടപ്പുമുറിയടക്കം സൈക്കിൾ പാർക്കിങ് ഏരിയയായി.
മോഹവില കൊടുത്ത് വാങ്ങുക മാത്രമല്ല, ഭൂരിഭാഗം സൈക്കിളുകളും ഡേവിസേട്ടൻ ഉപയോഗിക്കാറുമുണ്ട്. ത്രീ സ്‌പീഡ് ഗിയർ, ഡൈയനാമോ ലൈറ്റുകൾ, മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ലൈറ്റുകൾ എന്നിവയെല്ലാം ഈ സൈക്കിളുകളില്‍ കാണാം. വർഷങ്ങൾ പഴക്കമുള്ള സൈക്കിളുകൾ കണ്ടെത്തി മോഹവില കൊടുത്ത് വാങ്ങി, വീടാകെ നിറയ്ക്കുന്ന ഡേവിസേട്ടന് ഒരു ആഗ്രഹം ബാക്കിയാണ്, അപൂർവമായ സൈക്കിളുകളുടെ പ്രദർശനം നടത്തണം... അത് വഴി ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനത്തിന് ഉപയോഗിക്കണം....
'അതങ്ങനെ ചില വിന്‍റേജ് വാഹനപ്രേമികൾ' :ഡേവിസേട്ടന് പ്രിയം വിന്‍റേജ് സൈക്കിളുകളോടാണെങ്കിൽ ആലപ്പുഴ ചേർത്തലക്കാരനായ ചന്ദ്രേട്ടനും ക്യാപ്റ്റൻ കെ എഫ് പെസ്റ്റോൺജിക്കുമൊക്കെ പ്രിയം വിന്‍റേജ് വാഹനങ്ങളോടാണ്.
ചന്ദ്രേട്ടന്‍റെ 'ഫിയറ്റ് 600' : പഴമയുടെ പ്രൗഢി വിളിച്ചോതുന്ന നിരവധി വാഹനങ്ങൾ നന്നാക്കുകയും ചിലപ്പോൾ അവയോടുള്ള കൗതുകം കൊണ്ട് സ്വന്തമാക്കുകയും ചെയ്യുന്നതാണ് ആലപ്പുഴ ചേർത്തല സ്വദേശിയായ കെ കെ ചന്ദ്രശേഖരന്‍റെ രീതി.ലോകത്ത് ചുരുക്കം ആളുകളുടെ ശേഖരത്തിലുള്ള 'ഫിയറ്റ് 600' സീരീസിൽ പെടുന്ന കുഞ്ഞൻ കാറും ചന്ദ്രൻ ചേട്ടന്‍റെ അമൂല്യ ശേഖരമാണ്. ഇന്ത്യയില്‍ ഇതിന്‍റെ ഒരേ ഒരു ഉടമ അദ്ദേഹമാണ്. പഴയകാല ഓട്ടോമൊബൈൽ മെക്കാനിക്കാണ് ചന്ദ്രശേഖരൻ.