തൃശൂര്‍:സ്ക്രൂഡ്രൈവർ ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തിയയാള്‍ പിടിയില്‍. മുരിങ്ങൂർ സ്വദേശി മിഥുനാണ് മരിച്ചത്. പ്രതി മാള വലിയപറമ്പിൽ സ്വദേശി ബിനോയ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വാക്കേറ്റം കലാശിച്ചത് കൊലപാതകത്തില്‍; തൃശൂരില്‍ യുവാവിനെ കൊലപ്പെടുത്തിയയാള്‍ കീഴടങ്ങി - തൃശൂര്‍
തൃശൂര്‍ മാള വലിയപറമ്പിൽ പ്രദേശത്തുവച്ചുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്
ഇന്നലെ (ഡിസംബര്‍ 11) വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വയറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്‌തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വലിയപറമ്പിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെത്തിയ മിഥുൻ, ബിനോയിയുമായി വാക്കേറ്റമുണ്ടാവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്‌തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ തർക്കമുണ്ടായിരുന്നു. പൊലീസ് ഇടപെട്ട് പലപ്പോഴായി ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ, ഇരുവരും തമ്മിലുള്ള വൈരാഗ്യം കടുത്തതോടെയാണ് ദാരുണ സംഭവം. ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് മിഥുനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.