തൃശൂർ: ഫ്ലാറ്റ് കൊലപാതകത്തിലെ അഞ്ചു പ്രതികൾ കുറ്റക്കാരെന്ന് കോടതി. കോൺഗ്രസ് നേതാവും മുൻ കെപിസിസി സെക്രട്ടറിയുമായിരുന്ന എം ആർ രാംദാസ് ഉൾപ്പെടെ മൂന്നുപേരെ കോടതി വെറുതെ വിട്ടു. 2016 മാര്‍ച്ച് മൂന്നിനാണ് തൃശൂർ അയ്യന്തോളിലെ പഞ്ചിക്കലിലുള്ള ഫ്ലാറ്റിൽ ഒറ്റപ്പാലം സ്വദേശി സതീശനെ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് റഷീദിന്‍റെ കാമുകിയുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫെബ്രുവരി 29ന് ഫ്ളാറ്റിൽ ക്രൂരമർദനത്തിന് ശേഷം മുറിയിൽ പൂട്ടിയിട്ട് ഭക്ഷണവും വെള്ളവും നൽകാതെ ക്രൂരമായ മർദനമുറകൾ നടത്തിയതിനെ തുടർന്ന് മാർച്ച് മൂന്നിനായിരുന്നു സതീശൻ മരിച്ചത്. കൃഷ്ണപ്രസാദ്, റഷീദ്, റഷീദിന്‍റെ കാമുകി ശാശ്വതീ, രതീഷ്, ബിജു, സുനിൽ, എം ആർ രാമദാസ്, സുജീഷ് എന്നിവരായിരുന്നു കേസിലെ പ്രതികൾ.
തൃശൂരിലെ ഫ്ലാറ്റ് കൊലപാതകം; അഞ്ചു പ്രതികൾ കുറ്റക്കാരെന്ന് കോടതി
യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് റഷീദിന്‍റെ കാമുകിയുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
2017 ഡിസംബറിലാണ് കേസിന്‍റെ വിസ്‌താരം ആരംഭിച്ചത്. പിന്നീട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസിൽ ഇടവേള വന്നു. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചാണ് 2018 ഡിസംബറിൽ പിന്നീട് വിചാരണ തുടങ്ങിയത്. കേസിലെ അഞ്ചാം പ്രതി ബിജു, ആറാം പ്രതി സുനിൽ, ഏഴാം പ്രതിയും കെപിസിസി മുൻ സെക്രട്ടറിയുമായിരുന്ന എം.ആർ രാംദാസ് ഉൾപ്പെടെ കേസിലെ മൂന്ന് പേരെ കോടതി വെറുതെ വിട്ടു. കേസിലെ അഞ്ചു പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഈ മാസം 13ന് തൃശൂർ അഡീഷണൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ.ആർ മധുകുമാറാണ് കേസ് പരിഗണിച്ചത്.