തൃശൂർ : തൃശൂരിൽ കോർപ്പറേഷൻ നാളെ കൗൺസിൽ യോഗം ചേരാനിരിക്കെ പെരുമാറ്റചട്ടലംഘനമെന്ന പരാതിയിൽ കോർപറേഷന് ജില്ലാ വരണാധികാരി കൂടിയായ കലക്ടർ നോട്ടീസ് നൽകി. കൗൺസിൽയോഗത്തിലെ അജണ്ടകളിൽ തീരുമാനമെടുത്താൽ അതു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനമാകുമെന്ന് കാണിച്ച് കോർപ്പറേഷൻ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും, നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കളക്ടറുടെ നോട്ടീസ്.പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള തീരുമാനം കൗൺസിൽ യോഗം എടുക്കരുതെന്ന് ജില്ലാ കലക്ടർ രേഖാമൂലം കോർപ്പറേഷനോട് ആവശ്യപ്പെട്ടു.
പെരുമാറ്റച്ചട്ടലംഘനം; തൃശ്ശൂർ കോർപ്പറേഷന് ജില്ലാ വരണാധികാരിയുടെ നോട്ടീസ് - തൃശ്ശൂർ കോർപ്പറേഷൻ
കൗൺസിൽയോഗത്തിലെ അജണ്ടകളിൽ തീരുമാനമെടുത്താൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനമാകുമെന്ന് കാണിച്ചാണ് നോട്ടീസ്.
ജീവനക്കാരുടെ ഗ്രേഡ് കയറ്റ അംഗീകാരം, പെൻഷൻ അപേക്ഷകൾ എന്നിങ്ങനെ 17 അജണ്ടകളാണ് നാളത്തെ കോർപ്പറേഷൻ കൗൺസിലിൽ ഉണ്ടായിരുന്നത്. പെരുമാറ്റചട്ടം ലംഘിക്കുന്നതാണോ എന്ന് വ്യക്തമായ നിർദേശം നൽകണമെന്നും അടിയന്തരമായി മറുപടിനൽകാനും സെക്രട്ടറിയോട് കലക്ടർ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പെരുമാറ്റചട്ടത്തിന് വിരുദ്ധമായി മേയർ വിളിച്ചുകൂട്ടിയ നാളത്തെ കൗൺസിൽ യോഗം തീരുമാനമെടുത്താൽ പെരുമാറ്റചട്ട ലംഘനമായി കണക്കാക്കി നിയമലംഘനം നടത്തിയ മേയർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് കോർപ്പറേഷൻ പ്രതിപക്ഷനേതാവ് അഡ്വ.എം.കെ.മുകുന്ദൻ,പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയൽ എന്നിവർ ആവശ്യപ്പെട്ടു.