തൃശ്ശൂർ: തൃശ്ശൂർ ചേലക്കരയിൽ വീണ്ടും കാട്ടാന ഇറങ്ങി. കളപ്പാറ പൂളക്കുണ്ട് പ്രദേശത്തെ ജനവാസ മേഖലയിൽ ഞായറാഴ്‌ച(ഒക്‌ടോബര്‍ 9) രാത്രിയാണ് കാട്ടാന ഇറങ്ങിയത്. രാത്രി 11 മണിയോടുകൂടിയാണ് കാട്ടാന എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ചേലക്കരയിൽ വീണ്ടും കാട്ടാന ഇറങ്ങി; നാട്ടുകാർ ആശങ്കയിൽ മച്ചാട് വനത്തിൽ നിന്നുമാണ് ആനയിറങ്ങിയത്. തെങ്ങ് അടക്കമുള്ള കൃഷിയും കമ്പിവേലിയും കാട്ടാന നശിപ്പിച്ചു. ഈ ഭാഗത്ത് കഴിഞ്ഞ മാസവും ആനയിറങ്ങി കവുങ്ങിൻ തോട്ടം നശിപ്പിച്ചിരുന്നു.
രണ്ടാം തവണയും കാട്ടാന ഇറങ്ങിയതിന്‍റെ ഭീതിയിലാണ് പ്രദേശത്തെ നാട്ടുകാരും കർഷകരും. കഴിഞ്ഞ തവണ ആനയെ ആരും നേരിട്ട് കണ്ടിരുന്നില്ല. എന്നാൽ ഇന്നലെ രാത്രി പ്രദേശവാസികൾ ആനയെ നേരിട്ട് കണ്ടു.
സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പീച്ചി വനമേഖലയിൽ നിന്നാണ് മച്ചാട് വനത്തിലേക്ക് ആനയിറങ്ങുനത്. ഇത് മുന്നിൽ കണ്ട് കുതിരാനിൽ സൗര വേലി നിർമിക്കാമെന്നുള്ള അധികൃതരുടെ ഉറപ്പ് ഇനിയും നടപ്പിലായിട്ടില്ല.