തൃശ്ശൂർ: മദ്യപിച്ച് ഓടിച്ച കാറിടിച്ച് നാല് പേർ മരിച്ച സംഭവത്തില്‍ നാല് പേരെ ജ്യാമമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്‌തു. തുമ്പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അമിതവേഗത്തിൽ വന്ന കാറിടിച്ച് നാല് പേര്‍ മരിച്ചത്. വള്ളിവട്ടം പൈങ്ങോട് സ്വദേശികളായ മാളിയേക്കല്‍ അഗ്നല്‍ (21), ചനശ്ശേരി ദയലാല്‍ (20), വെങ്ങാശ്ശേരി ജോഫീന്‍ (20), എരുമാക്കാട്ടുപറമ്പില്‍ റോവിന്‍ (23) എന്നിവർക്കെതിരെയാണ് മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്‌തത്.
തൃശ്ശൂർ അപകടം; നാല് പേർക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് കേസ്
മാളിയേക്കല്‍ അഗ്നല്‍ (21), ചനശ്ശേരി ദയലാല്‍ (20), വെങ്ങാശ്ശേരി ജോഫീന്‍ (20), എരുമാക്കാട്ടുപറമ്പില്‍ റോവിന്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
മാളിയേക്കല്‍ അഗ്നലാണ് കാറോടിച്ചിരുന്നത്. അപകട സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. ആളൂര്‍ എസ്ഐ സുശാന്ത് കെ. എസിന്‍റെ നേതൃത്വത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്‌തത്. പ്രതികൾക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കും. തുമ്പൂര്‍ ഉത്സവം കഴിഞ്ഞ് വീട്ടിലേയ്ക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന കൊറ്റനെല്ലൂര്‍ സ്വദേശികളായ രണ്ട് കുടുംബത്തിലെ നാല് പേരാണ് മരണപ്പെട്ടത്.
പേരാംമ്പിള്ളി സുബ്രന്‍, മകള്‍ പ്രജിത, കണ്ണംത്തറ ബാബു (60) മകന്‍ ബിബിന്‍ (29) എന്നിവരാണ് മരിച്ചത്. തുമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിന് സമീപത്തായിരുന്നു അപകടം നടന്നത്. കാര്‍ വെള്ളാങ്കല്ലൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്നു. അമിത വേഗതയില്‍ വളവ് തിരിഞ്ഞ് വന്ന കാര്‍ റോഡിന് സമീപത്ത് നിന്നിരുന്ന പോസ്റ്റില്‍ ഇടിക്കാതിരിക്കാന്‍ എതിര്‍ദിശയിലേയക്ക് വെട്ടിച്ചപ്പോൾ എതിരെ നടന്ന് വന്ന നാല് പേരെ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. മരിച്ച സുബ്രനും ബാബുവും കൂലിപ്പണിക്കാരാണ്. ബിബിന്‍ ഓട്ടോറിക്ഷ ഡ്രൈവറും പ്രജിത ഇരിങ്ങലക്കുട സെന്‍റ് ജോസഫ് കോളജിലെ ബിരുദ വിദ്യാർഥിനിയുമാണ്.