തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവ എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങളോടെ അനുമതി. നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. രാമചന്ദ്രന്‍റെ വലത്തെ പിൻ കാലിലെ മുറിവും കൂടി പരിഗണിച്ചാണ് നടപടി. ആളുകൾക്കിടയിൽ നിന്ന് അഞ്ച് മീറ്റർ ദൂരപരിധിയില്‍ മാത്രമേ രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതിയുള്ളു. രണ്ട് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് എഴുന്നള്ളിപ്പ് നടത്താൻ തീരുമാനം.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് നീക്കി - Thechikottu Ramachandran
രണ്ട് മാസം പരീക്ഷണാടിസ്ഥാനത്തില്‍ എഴുന്നള്ളിപ്പ് നടത്താനും നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ യോഗത്തില്‍ തീരുമാനിച്ചു
തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ മാത്രമേ ആനയെ ഉത്സവത്തിനായി എഴുന്നള്ളിക്കാൻ കഴിയൂ. രണ്ടു ദിവസം ഇടവിട്ട് മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ട് പോകാനും അനുമതിയുള്ളൂ. എന്നാൽ തൃശൂർ പൂരത്തിന് തീരുമാനം ബാധകമല്ലെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടർ എസ്.ഷാനവാസ് അറിയിച്ചു. ആനയുടെ എഴുന്നള്ളിപ്പ് പൂർണമായും മോണിറ്ററിങ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. നാല് പാപ്പാന്മാർ കൂടെ ഉണ്ടായിരിക്കണം. ആഴ്ചതോറും പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പ് വരുത്തിയിരിക്കണം. ആനയുടെ എഴുന്നള്ളിപ്പ് സംബന്ധിച്ച ഷെഡ്യൂൾ തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതർ മുൻകൂട്ടി മോണിറ്ററിങ് കമ്മിറ്റിയെ അറിയിക്കണം. എഴുന്നളളിപ്പിനിടയിൽ ആന ഇടഞ്ഞാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്വം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് ആയിരിക്കും. ആനയെ പൂരപ്പറമ്പിലേക്ക് കൊണ്ടുവരുമ്പോൾ സ്വീകരണ പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരിക്കാൻ പാടില്ല. ആനയുടെ സുരക്ഷ മുൻനിർത്തി എഴുന്നള്ളിക്കുന്ന പ്രദേശത്തെ ഡിഎഫ്ഒ, വെറ്റിനറി ഡോക്ടർ എന്നിവരേയും വിവരമറിയിക്കണം. മേൽപറഞ്ഞ തീരുമാനങ്ങൾ അംഗീകരിച്ച് തെച്ചിക്കോട്ടുകാവ് ദേവസ്വം, കലക്ടർക്ക് മുൻപാകെ അഫിഡഫിറ്റ് നൽകണം.