തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭയെ ഒപ്പം നിർത്താൻ ഒരുങ്ങി ബിജെപി. എൽഡിഎഫും യുഡിഎഫും വർഗീയത പ്രോത്സാഹിപ്പിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഇതിൽ ക്രൈസ്തവ സമൂഹം ദു:ഖിതരാണെന്നും സുരേന്ദ്രൻ ചൂണ്ടികാട്ടി. തൃശൂരിൽ നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളായിരുന്നു ബിജെപി സംസ്ഥാന സമിതിയുടെ പ്രധാന അജണ്ട. ഈ യോഗത്തിലാണ് ക്രൈസ്തവ സഭയെ ഒപ്പം നിർത്താൻ ബിജെപി തീരുമാനിക്കുന്നത്. യുഡിഎഫിനൊപ്പം ജമാ അത്തെ ഇസ്ലാമിയാണെങ്കിൽ എൽഡിഎഫിനൊപ്പം പോപ്പുലർ ഫ്രണ്ടാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ക്രൈസ്തവരും ഭൂരിപക്ഷ വിഭാഗവും മുസ്ലിം തീവ്രവാദത്തിന് ഇരയാകുകയാണെന്നും സുരേന്ദ്രൻ തുറന്നടിച്ചു. ഈ കാരണങ്ങൾ ചൂണ്ടികാണിച്ച് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ഒപ്പം ചേർത്ത് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭയെ ഒപ്പം നിർത്താൻ ബിജെപി - കേരള വാർത്ത
യുഡിഎഫിനൊപ്പം ജമാ അത്തെ ഇസ്ലാമിയാണെങ്കിൽ എൽഡിഎഫിനൊപ്പം പോപ്പുലർ ഫ്രണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.
രമേശ് ചെന്നിത്തല വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചതിന് ലഭിച്ച തിരിച്ചടിയാണ് നേതൃത്വ സ്ഥാനം ലഭിക്കാതിരുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. കോൺഗ്രസിൽ ഭൂരിപക്ഷ വിഭാഗത്തിന് ഇനി രാഷ്ട്രീയ ഭാവിയില്ല എന്നും കോൺഗ്രസിന്‍റെ വിശ്വാസ്യത നഷ്ടമായി എന്നും അദ്ദേഹം പറഞ്ഞു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട ചർച്ചകൾ താഴെ തട്ടിൽ നിന്നും ആരംഭിച്ചു. എന്നാൽ സ്ഥാനാർഥി പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രത്തിന്‍റേതാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
അതിനിടെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രൻ യോഗത്തിൽ നിന്നും വിട്ട് നിന്നു. പ്രശ്നം പരിഹരിക്കാൻ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി. എന്നാൽ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.