കേരളം

kerala

ETV Bharat / state

Thrissur Rain | തോട്ടില്‍ കാല്‍വഴുതി വീണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു ; അപകടം മീന്‍ പിടിക്കുന്നതിനിടെ - പടിയൂര്‍ വളവനങ്ങാടി സ്വദേശി

പടിയൂര്‍ വളവനങ്ങാടി സ്വദേശിയായ 20കാരനാണ് തോട്ടില്‍ കാല്‍വഴുതി വീണതിനെ തുടര്‍ന്ന് മരിച്ചത്

student drowned in ditch Aripalam thrissur  പൂമംഗലം അരിപ്പാലം
തോട്ടില്‍ കാല്‍ വഴുതിവീണ് വീണ വിദ്യാര്‍ഥി മുങ്ങിമരിച്ചു

By

Published : Jul 4, 2023, 11:06 PM IST

Updated : Jul 6, 2023, 2:27 PM IST

തൃശൂര്‍ :പൂമംഗലം അരിപ്പാലത്ത് മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണിയാണ് (20) മരിച്ചത്. വെറോണിയും മൂന്ന് സുഹൃത്തുക്കളുമായി അരിപ്പാലത്ത് പതിനൊന്നാംചാല്‍ എന്ന പ്രദേശത്ത് ചൂണ്ടയിടുന്നതിനിടെയാണ് അപകടം.

കാല്‍വഴുതി വീണ വെറോണിയെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്, ഇരിങ്ങാലക്കുടയില്‍ നിന്ന് ഫയര്‍ഫോഴ്‌സും കാട്ടൂര്‍ പൊലീസും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലേറ്റുംങ്കര പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥിയാണ്.

കാസര്‍കോട് വിദ്യാർഥി മുങ്ങി മരിച്ചു:ഉദുമ കോടിക്കടപ്പുറത്തെ അഴിമുഖത്തോട് ചേർന്ന പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ച സംഭവം ജൂണ്‍ അഞ്ചിനാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഉദുമയിലെ കാപ്പിൽപുഴയിലാണ് അപകടം. പാക്ക്യാര സ്വദേശി റാഷിദാണ് (15) മരിച്ചത്. ഉദുമ ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ഇത്തവണ പത്താം ക്ലാസ് വിജയിച്ച റാഷിദ്‌, പാക്ക്യാരയിലെ പിഎ മജീദിന്‍റെ മകനാണ്.

റാഷിദും മൂന്ന് സുഹൃത്തുക്കളും ചേർന്ന് സൈക്കിളിലാണ് പാക്ക്യാരയിൽ നിന്നും കോടിക്കടപ്പുറത്തേക്ക് കളിക്കാൻ പോയത്. കളിക്കുന്നതിനിടയിൽ റാഷിദ് അബദ്ധത്തിൽ അഴിമുഖത്തോട് ചേർന്നുളള പുഴയിലെ ചെളിയിൽ വീണ് കാണാതാവുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനത്തിനെത്തി.

READ MORE |വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു; അപകടം കളിക്കുന്നതിനിടെ തെന്നിവീണ്

പിന്നാലെ കാസർകോട് നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. ബേക്കൽ ഇൻസ്പെക്‌ടര്‍ യുപി വിപിനിന്‍റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. മൃതദേഹം ഇന്നലെ തന്നെ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. റാഷിദയാണ് മാതാവ്.

പറവൂരിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു:പറവൂർ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ദീർഘ നേരത്തെ തെരച്ചിലിനൊടുവിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മെയ്‌ 14ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൂവരും പുഴയിൽ കുളിക്കാനെത്തിയത്. പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിന്‍റേയും കവിതയുടേയും മകൾ ശ്രീവേദയുടെ (10) മൃതദേഹമാണ് വൈകുന്നേരത്തോടെ ആദ്യം കണ്ടെത്തിയത്.

കവിതയുടെ സഹോദരപുത്രൻ മന്നത്തെ തളിയിലപാടം വീട്ടിൽ വിനു - നിത ദമ്പതികളുടെ മകൻ അഭിനവിന്‍റെ (13) മൃതദേഹമാണ് രാത്രിയോടെ കണ്ടെത്തിയത്. കവിതയുടെ തന്നെ സഹോദരീപുത്രൻ ഇരിങ്ങാലക്കുട രാജേഷ് - വിനിത ദമ്പതികളുടെ മകൻ ശ്രീരാഗിന്‍റെ (13) മൃതദേഹം രാത്രി വൈകിയാണ് കണ്ടെത്തിയത്.

ഇടുക്കിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു:അയ്യപ്പൻകോവിൽ തോണിത്തടിയിലെ പെരിയാറിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഏപ്രില്‍ 29നാണ് സംഭവം. ചപ്പാത്ത് പച്ചക്കാട് സ്വദേശി ബിബിൻ ബിജു, റാന്നി സ്വദേശി നിഖിൽ പിഎസ് എന്നിവരാണ് മുങ്ങിമരിച്ചത്. മുങ്ങിത്താഴുന്നത് കണ്ട് സമീപത്തെ കൃഷിയിടത്തിൽ ഉണ്ടായിരുന്നവർ കുട്ടികളെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മുരിക്കാട്ടുകുടി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് മരിച്ച ബിബിൻ ബിജു. മേരിക്കുളം സെന്‍റ് മേരിസ് സ്‌കൂളിലെ വിദ്യാർഥിയാണ് നിഖിൽ.

Last Updated : Jul 6, 2023, 2:27 PM IST

ABOUT THE AUTHOR

...view details