തൃശൂര്‍: എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ സ്‌പിരിറ്റ് ലോറി തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ബൂം ബാരിയർ ഇടിച്ചുതകര്‍ത്തു. ചാലക്കുടിയില്‍ നിന്നും എക്‌സൈസ് പിന്തുടര്‍ന്ന വാഹനം പാലക്കാട് ജില്ലയിലേക്ക് കടന്നതിന് ശേഷം കാണാതാവുകയും ചെയ്‌തു.
എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്ന സ്‌പിരിറ്റ് ലോറി ടോള്‍ പ്ലാസയിലെ ബൂം ബാരിയർ ഇടിച്ചുതകര്‍ത്തു - തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ
വാഹനം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ലോറിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തി
ചാലക്കുടിയിലെ ശരവണ ഹോട്ടല്‍ പാർക്കിങ് ഗ്രൗണ്ടിൽ പുലർച്ചെ മൂന്ന് മണിക്ക് ലോറിയിലെത്തിച്ച സ്‌പിരിറ്റ് കൈമാറ്റം ചെയ്യുമെന്ന രഹസ്യവിവരം എക്‌സൈസ് സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് സ്‌പിരിറ്റ് ലോറി തൃശൂർ ഭാഗത്തേക്ക് കടക്കുകയായിരുന്നു. എക്‌സൈസ് സംഘം പിന്തുടർന്നെങ്കിലും പാലിയേക്കര ടോൾ പ്ലാസയുടെ ബൂം ബാരിയർ തകർത്തു ലോറി മുന്നോട്ടുപോവുകയായിരുന്നു. ദേശീയപാതയിലൂടെ സഞ്ചരിച്ച വാഹനത്തെ പട്ടിക്കാട് പൊലീസ് സംഘം തടഞ്ഞെങ്കിലും വാഹനം നിർത്താതെ മംഗലം ഡാം വഴിയിലൂടെ നീങ്ങി. പിന്നീട് വാഹനം കണ്ടെത്താൻ എക്‌സൈസിന് സാധിച്ചിട്ടില്ല. ഡ്രൈവര്‍ മാത്രമുള്ള ലോറിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.