തൃശൂർ:നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒന്നര കിലോഗ്രാം സ്വർണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവര്‍ പിടിയിലായി. നൈറ്റ് പട്രോളിങ്ങിനിടെ നടന്ന വാഹന പരിശോധനയിൽ മലപ്പുറത്തേക്ക് കാറിൽ കടത്തുകയായിരുന്ന സ്വർണവുമായി വള്ളുമ്പറം സ്വദേശി നിഷാജ് പിടിയിലാകുകയായിരുന്നു.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രൗസറിലും, ടി ഷർട്ടിലും, കാറിന്‍റെ ഗിയർ ബോക്‌സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ധരിച്ചിരുന്ന ട്രൗസറിലും, ടി ഷർട്ടിലും ഉള്ള ലയറുകൾക്ക് ഇടയിൽ സ്വർണത്തരികള്‍ പശ തേച്ച് ഒട്ടിച്ച വസ്‌ത്രം ധരിച്ചാണ് നിഷാജ് എയർപോർട്ട് വഴി സ്വർണം കടത്തിയത്. ടി ഷർട്ടിന്‍റെയും ട്രൗസറിന്‍റെയും അസാധാരണ ഭാരത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.