കേരളം

kerala

ETV Bharat / state

അമ്പിളിക്കല കൊവിഡ് സെന്‍ററിൽ തടവുകാരൻ മരിച്ച സംഭവം; ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ - ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ

കഞ്ചാവ് കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ഷമീര്‍ തൃശൂര്‍ അമ്പിളിക്കല കൊവിഡ് സെന്‍ററില്‍ റിമാന്‍ഡിലിരിക്കെയാണ് മർദനമേറ്റ് മരിച്ചത്

അമ്പിളിക്കല കൊവിഡ് സെന്‍റർ മരണം  തടവുകാൻ മർദനമേറ്റ് മരിച്ചു  ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ  ampilikala covid Care Center
അമ്പിളിക്കല കൊവിഡ് സെന്‍ററിൽ തടവുകാരൻ മരിച്ച സംഭവം; ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ

By

Published : Nov 9, 2020, 5:22 PM IST

തൃശൂർ: വിയ്യൂർ ജയിലിന് കീഴിലുള്ള അമ്പിളിക്കല കൊവിഡ് കെയർ സെന്‍ററിൽ റിമാൻഡ് തടവുകാരൻ മർദനമേറ്റ് മരിച്ച സംഭവത്തില്‍ ആറ് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ഷമീര്‍ തൃശൂര്‍ അമ്പിളിക്കല കൊവിഡ് സെന്‍ററില്‍ റിമാന്‍ഡിലിരിക്കെയാണ് മരിച്ചത്. ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് മുതല്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ വരെയുള്ള ജയില്‍ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്.

തൃശൂര്‍ ജില്ലാ ജയിലിലെ പ്രിസണ്‍ ഓഫീസര്‍ അരുണ്‍, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍മാരായ വിവേക്, രമേശ്, പ്രദീപ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുഭാഷ്, അസിസ്റ്റന്‍റ് ജയില്‍ സൂപ്രണ്ട് രാഹുല്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷമീറിന് ക്രൂര മര്‍ദമേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്‍റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോയിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസ് എ.സി.പി വി.കെ രാജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ ജയിൽ ഉദ്യോഗസ്ഥർ ഷമീറിനെ ക്രൂരമായ മർദിച്ചതായി കണ്ടെത്തിയിരുന്നു.

ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് അമ്പിളിക്കലയിൽ നേരിട്ടെത്തി ജയിൽ ഉദ്യോഗസ്ഥരിൽ നിന്നും ഷമീറിന്‍റെ ഭാര്യയിൽ നിന്നും മൊഴിയെടുത്തിരുന്നു. ഇതിനിടയിലാണ്, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. നിലവിൽ ഐ.പി.സി 302ാം വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തിയാണ് ആറ് ജയിൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐപിസി 324,325,326 വകുപ്പുകളും ചേർത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details