തൃശ്ശൂർ : അട്ടപ്പാടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തെ സഹോദരി തിരിച്ചറിഞ്ഞു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണിവാസകത്തിന്‍റെ മൃതദേഹം കാണാൻ അനുവദിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്‍റെ വിധിയുമായാണ് സഹോദരി ലക്ഷ്മിയും കാര്‍ത്തിയുടെ സഹോദരന്‍ മുരുകേശനും മുളംകുന്നത്ത്കാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിയത്. ഇന്നലെ രാത്രി എത്തിയ ഇവര്‍ പൊലീസിന്‍റെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടു. കാര്‍ത്തിയുടെ സഹോദരന്‍ മുരുകേശന്‍ മൃതദേഹം തിരിച്ചറിഞ്ഞില്ല.
കാർത്തിയുടെ മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞില്ല - ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തെ സഹോദരി തിരിച്ചറിഞ്ഞു
നടന്നത് ഏറ്റുമുട്ടലല്ലെന്നും തിരിച്ചറിയാനാകാത്തവിധം ക്രൂരമായി കൊന്നതാണെന്നും കാർത്തിയുടെ സഹോദരൻ മുരുകേശന്
കൊല്ലപ്പെട്ടത് കാര്‍ത്തി തന്നേയാണോ എന്ന് തിരിച്ചറിയാനാകുന്നില്ലെന്നും നടന്നത് ഏറ്റുമുട്ടലല്ലെന്നും തിരിച്ചറിയാനാകാത്തവിധം ക്രൂരമായി കൊന്നതാണെന്നും മുരുകേശന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. വക്കീലുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ മൃതദേഹങ്ങള്‍ ഏറ്റെടുക്കൂവെന്നും മുരുകേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാർത്തിയുടെ മൃതദേഹം സഹോദരൻ തിരിച്ചറിയാത്ത പക്ഷം ഉറപ്പുവരുത്താനായി ഏറ്റുമുട്ടല്‍ നടന്നയുടന്‍ എടുത്ത ചിത്രങ്ങള്‍ തമിഴ്‌നാട് പൊലീസ് വഴി മുരുകേശന് നല്‍കാനാണ് കേരളാ പൊലീസിന്‍റെ തീരുമാനം. അതേസമയം മോര്‍ച്ചറിയിലുള്ള മറ്റു രണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിയാനോ ഏറ്റെടുക്കാനോ ബന്ധുക്കളുള്‍പ്പെടെ ആരും തന്നെ ഇതുവരേയും എത്തിയിട്ടില്ല. .