തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ തൃശൂരിന് മധുരം സമ്മാനിച്ച് ശിവപ്രിയ. ലോങ്ങ് ജമ്പ്, ട്രിപ്പിൾ ജമ്പ്, 100 മീറ്റർ ഹഡിൽ എന്നീ വിഭാഗം മത്സരങ്ങളില്‍ സ്വര്‍ണം സ്വന്തമാക്കിയിരിക്കുകയാണ് തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശിവപ്രിയ. ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നിന്ന് സ്വർണ മെഡലുകള്‍ ഏറ്റുവാങ്ങുമ്പോള്‍ ശിവപ്രിയയുടെ ഉള്ളില്‍ വിജയിയുടെ സന്തോഷത്തിനെക്കാള്‍ തന്‍റെ തീരുമാനം പൂര്‍ത്തീകരിക്കാനായതിന്‍റെ ആഹ്ളാദമായിരുന്നു.
'മനസിലുറപ്പിച്ച് വന്നു', സ്‌കൂൾ കായിക മേളയില്‍ ട്രിപ്പിൾ സ്വർണത്തിളക്കവുമായി ശിവപ്രിയ - kerala news updates
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശിവപ്രിയക്ക് ട്രിപ്പിൾ സ്വർണം.
'ഇത് ലാസ്റ്റ് ചാന്‍സാണ്. ഇവിടെ നിന്ന് പടിയിറങ്ങുന്നത് തന്‍റെ ബെസ്റ്റ് പെര്‍ഫോമന്‍സ് കാഴ്‌ച വച്ച് മാത്രമായിരിക്കും' ഇങ്ങനെ മനസിലുറപ്പിച്ചാണ് ശിവപ്രിയ മത്സരത്തിനായി ഗ്രൗണ്ടിലേക്കിറങ്ങിയത്. ലോങ് ജമ്പ് 5.37 മീറ്റർ, ട്രിപ്പിൾ ജമ്പ് 11.57 മീറ്റർ, 100 മീറ്റർ ഹർഡിലിൽ 14.93 സെക്കൻഡ് എന്നിങ്ങനെ നേടിയാണ് ശിവപ്രിയയുടെ വിജയം.
കോച്ച് സനൂജിന്‍റെ കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ശിവപ്രിയ പരിശീലനം നടത്തുകയാണ്. ഇൻ്റർ ക്ലബുകളിൽ മെഡൽ നേടിയ ശിവപ്രിയ ആദ്യമായാണ് സ്‌കൂള്‍ സ്പോര്‍ട്‌സ് മീറ്റിൽ മെഡൽ നേടുന്നത്.