മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷ വീഴ്‌ച തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയില്‍ സുരക്ഷ വീഴ്‌ച. മ്യൂസിയം വളപ്പിലെ രാജ രവിവർമ ആർട്ട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രി സംസാരിച്ച് വേദിയിൽ നിന്ന് ഇറങ്ങിയതിന് ശേഷം വേദിയിലേക്ക് ഓടിക്കയറിയയാള്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ആലിംഗനം ചെയ്‌തു.
പാപ്പനംകോട് സ്വദേശിയായ അയ്യൂബ് ഖാനാണ് വേദിയിലേക്ക് ഓടിക്കയറിയത്. സംഭവത്തിന് പിന്നാലെ മ്യൂസിയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്ന് അയൂബ് ഖാൻ പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്‌നം ഉള്ളതായും അക്കാര്യം ബന്ധുക്കളെ അറിയിച്ചതായും മ്യൂസിയം പൊലീസ് പറഞ്ഞു.
മ്യൂസിയം വളപ്പിൽ ഇന്നലെ (സെപ്‌റ്റംബര്‍ 25) വൈകിട്ട് 5.30നാണ് രാജ രവിവർമ ആർട്ട് ഗാലറി ഉദ്‌ഘാടനം നടന്നത്. മ്യൂസിയം പരിസരത്ത് ശ്രീചിത്ര ആർട്ട് ഗാലറിക്ക് സമീപത്തായാണ് രാജാ രവിവർമയുടെ പുതിയ ആർട്ട് ഗാലറി ഒരുക്കിയിരിക്കുന്നത്. അന്തർദേശീയ നിലവാരത്തോട് കൂടിയാണ് പുതിയ ഗാലറി സജ്ജമാക്കിയിരിക്കുന്നത്.
ശ്രീചിത്ര ആർട്ട് ഗാലറിയിലുള്ള രാജാ രവിവർമയുടെ 43 യഥാർഥ ചിത്രവും പെൻസിൽ സ്‌കെച്ചുകളും പുതിയ ആർട്ട് ഗാലറിയിലേക്ക് മാറ്റി. ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കാൻ കൺസർവേഷൻ ലാബും പുതിയ ആർട്ട് ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്. രണ്ട് നിലകളിലായി സജ്ജമാക്കിയ ഗാലറിയിൽ രാജ രവിവർമ്മയുടെ ചിത്രങ്ങൾ കൂടാതെ അദ്ദേഹത്തിൻ്റെ സഹോദരി മംഗളം ഭായി, സഹോദരൻ രാജവർമ്മ എന്നിവരുടെ ചിത്രങ്ങളും പ്രദർശനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
രാജ രവിവർമ്മ സ്‌കൂൾ ഓഫ് ആര്‍ട്ട്സിന്‍റെ ചിത്രങ്ങളും സമകാലിക ചിത്രങ്ങളും രണ്ടാം നിലയിൽ പ്രദർശിപ്പിക്കും. ഹംസദമയന്തി, ശകുന്തള, ദക്ഷിണേന്ത്യയിലെ ജിപ്‌സികള്‍, മോഹിനി രുഗ്മാംഗദാ, പാല്‍ക്കാരി തുടങ്ങിയവ രാജ രവിവർമയുടെ രചനയിൽ പിറന്ന ചുരുക്കം ചില ചിത്രങ്ങളാണ്. ഈ ചിത്രങ്ങളും ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മൂന്ന് വർഷം നീണ്ട നിർമാണ പ്രവർത്തനങ്ങൾക്കൊടുവിൽ 7.90 കോടി രൂപ ചെലവിലാണ് ആർട്ട് ഗാലറി നിർമിച്ചത്.
എണ്ണച്ചായാചിത്രങ്ങളും ആക്രലിക് ചിത്രങ്ങളും ഉൾപ്പെടെ 136 ചിത്രങ്ങളാണ് പുതിയ ആർട്ട് ഗാലറിയിൽ ഉണ്ടാവുക. ആർട്ട് ഗാലറി പരിസരവും നവീകരിച്ചിട്ടുണ്ട്. പരമ്പരാഗത തനിമ നിലനിർത്തിയാണ് കെട്ടിടത്തിൻ്റെ രൂപകൽപന. 10,056 ചതുരശ്ര അടിയിൽ നിർമിക്കുന്ന ആർട്ട് ഗാലറിയിൽ എക്‌സിബിഷൻ ഹാൾ, കോൺസെർവഷൻ ഫെസിലിറ്റി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പരിസരത്തായി വിശാലമായ ലാൻഡ്‌സ്‌കേപ്പും ഒരുക്കിയിട്ടുണ്ട്.
also read:Raja Ravi Varma New Art Gallery രാജ രവിവര്‍മ ചിത്രങ്ങളുടെ വിപുല ശേഖരം; തലസ്ഥാനത്ത് പുതിയ ആര്‍ട്ട് ഗാലറി ഒരുങ്ങി