തൃശൂര്‍: കുതിരാൻ ഇരട്ടക്കുഴൽ തുരങ്കങ്ങളിൽ രണ്ടാമത്തെ തുരങ്കം ഭാഗികമായി തുറന്നു കൊടുത്തു. തൃശൂരിൽ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് ഇതിലൂടെ കടത്തി വിടുന്നത്. നേരത്തെ ഒന്നാം തുരങ്കത്തിലൂടെയായിരുന്നു ഇരുഭാഗത്തേക്കുമുള്ള ഗതാഗതം അനുവദിച്ചിരുന്നത്. ഇത് ഒഴിവാക്കാനാണ് ട്രാഫിക് ഡൈവേർഷനായി രണ്ടാം തുരങ്കം ഭാഗികമായി തുറന്നത്.
കുതിരാനില്‍ രണ്ടാമത്തെ തുരങ്കം ഭാഗികമായി തുറന്നു തുരങ്കം തുറന്നുകൊടുക്കുന്നതിനു മുന്നോടിയായി രണ്ടാംഘട്ട പരിശോധനകൾ പൂര്‍ത്തീകരിച്ച് ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെ വാഹനങ്ങള്‍ കടത്തിവിട്ടു. കലക്ടർ ഹരിത വി.കുമാർ, കമ്മിഷണർ ആർ ആദിത്യ, ദേശീയപാത അതോറിറ്റി അധികൃതർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
രാവിലെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു എന്നിവരുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിൽ ദേശീയപാത അതോറിറ്റി നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ ട്രാഫിക് ഡൈവര്‍ഷന്‍ അനുവദിക്കാൻ തീരുമാനിച്ചതായി കലക്ടർ ഹരിത വി.കുമാർ അറിയിച്ചു.
ഏപ്രിലിലോടെ പണികളെല്ലാം പൂര്‍ത്തീകരിച്ച് തുരങ്കം പൂർണമായും തുറന്നു കൊടുക്കാനാവുമെന്നും കലക്ടർ പറഞ്ഞു. പൂർണമായി തുറക്കാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് മന്ത്രിമാർ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ALSO READ:കുടുംബശ്രീ ഇനി കേരള പൊലീസിനും 'ശ്രീ': സ്ത്രീ കർമസേനക്ക് ഡിജിപിയുടെ നിർദേശം