തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തീരദേശവാസികള്‍ നടത്തിവരുന്ന സമരത്തില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമേ കഴിയൂവെന്ന് കോണ്‍ഗ്രസ് നേതാവും സ്ഥലം എം.പിയുമായ ശശി തരൂര്‍. സര്‍ക്കാരും സമരക്കാരും പരസ്‌പരം സംസാരിക്കുന്നതിലൂടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സര്‍ക്കാരിനു കഴിയും. താന്‍ സമരസമിതി നേതാക്കളെയും മുഖ്യമന്ത്രിയെയും നേരില്‍ക്കണ്ട് സംസാരിച്ചിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ തനിക്കു കഴിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
വിഴിഞ്ഞം ചര്‍ച്ചയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ല, പദ്ധതി പാതിവഴിയില്‍ നിര്‍ത്തണം എന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ എംപി - ഇന്നത്തെ പ്രധാന വാര്‍ത്ത
വിഴിഞ്ഞം തുറമുഖ സമരത്തില്‍ നിലപാട് പറഞ്ഞ് ശശി തരൂർ എംപി.
ഇന്നു സമരസമിതി നേതാക്കളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ല. തീരവാസകള്‍ക്ക് തുറമുഖ നിര്‍മ്മാണ സമയത്ത് സര്‍ക്കാര്‍ നല്‍കിയ പല വാഗ്‌ദാനങ്ങളും ഇനിയും പാലിക്കപ്പെട്ടിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്ന അഭിപ്രായം തനിക്കില്ല.
25 വര്‍ഷം കഷ്‌ടപ്പെട്ട് കൊണ്ടു വന്ന പദ്ധതിയാണിത്. വികസനം ജനങ്ങള്‍ക്കു വേണ്ടിയാണ്. വികസനവും ജനങ്ങളും വേണം. വിഴിഞ്ഞം തുറമുഖം വന്നതു കൊണ്ടാണ് തീരം നഷ്‌ടപ്പെട്ടതെന്നു പറയുന്നത് ശരിയല്ലെന്നും വിശദമായ പഠനം ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.