തൃശ്ശൂര്‍: ചെന്ത്രാപ്പിന്നി പെരിഞ്ഞനം മേഖലയില്‍ ക്ഷേത്രത്തിലും കുരിശടിയിലും മോഷണം. ചെന്ത്രാപ്പിന്നി പതിനേഴാംകല്ല് സുബ്രഹ്മണ്യ പരമേശ്വര ക്ഷേത്രത്തിലും പെരിഞ്ഞനത്ത് കുരിശടിയിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ പൊളിച്ചാണ് പണം കവർന്നത്. പ്രതിഷ്ഠയുടെ വേൽ ഉപയോഗിച്ചാണ് ഭണ്ഡാരം പൊളിച്ചത്. ഏകദേശം 5000 രൂപയോളം നഷ്‌ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. രാവിലെ ക്ഷേത്രത്തിലെത്തിയ ശാന്തിയാണ് മോഷണം നടന്ന വിവരം ആദ്യമറിഞ്ഞത്.
ക്ഷേത്രത്തിലും കുരിശടിയിലും മോഷണം - ചെന്ത്രാപ്പിന്നി പതിനേഴാംകല്ല് സുബ്രഹ്മണ്യ പരമേശ്വര ക്ഷേത്രം
കയ്‌പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
പെരിഞ്ഞനം സെന്‍റ് സെബാസ്റ്റ്യൻ കുരിശടിയിലെ ഭണ്ഡാരത്തില്‍ നിന്നും മോഷ്ടാക്കള്‍ പണം കവർന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം കുരിശടിക്കുള്ളിൽ കയറി കവര്‍ച്ച നടത്തി തിരിച്ച് പോകുന്നത് തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആറ് മാസം മുമ്പും ഈ കുരിശടിയിൽ മോഷണം നടന്നിരുന്നു.
എസ്എൻ വിദ്യാഭവൻ സ്‌കൂളിന്‍റെ കെജി സെക്ഷൻ ഓഫീസിലും മോഷണശ്രമം നടന്നിട്ടുണ്ട്. മോഷ്ടാവ് പൂട്ട് പൊളിച്ച് ഉള്ളിൽ കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സ്‌മാർട്ട് ക്ലാസ് മുറിക്കുള്ളിലെ എൽസിഡി പ്രൊജക്‌ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കയ്‌പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.