തൃശൂര്‍: ഫ്ലാറ്റില്‍ നിന്നുള്ള മാലിന്യം സമീപപ്രദേശത്തെ ശുദ്ധ ജല സ്രോതസുകളെ മലിനമാക്കുന്നതില്‍ പ്രതിഷേധം ശക്തം. ചിറ്റിലപ്പിള്ളിയിലെ സാന്‍ റോയല്‍ ഫ്ലാറ്റിനെതിരെയാണ് സമീപ വാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഫ്ലാറ്റിലെ സാനിറ്റേഷന്‍ പൈപ്പിലെ മാലിന്യം ശുദ്ധജല സ്രോതസില്‍ കലരുന്നത് ചോദ്യം ചെയ്‌തപ്പോൾ ഭീഷണിപ്പെടുത്തിയെന്നും സമീപ വാസികള്‍ ആരോപിക്കുന്നു.
ജലസ്രോതസുകളില്‍ മാലിന്യം; അനുമതിയില്ലാത്ത ഫ്ലാറ്റിനെതിരെ സമീപവാസികള്‍ - പഞ്ചായത്ത് അനുമതിയില്ലാതെ നിർമിച്ച ഫ്ലാറ്റുകൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
ഫ്ലാറ്റിലെ മാലിന്യം സമീപത്തെ വീടുകളിലെ ശുദ്ധജലം മലിനമാക്കുന്നതായും ഇത് ചോദ്യം ചെയ്ത പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതായും പരാതി.
നിലവില്‍ പത്ത് കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റ് അടാട്ട് പഞ്ചായത്തിന്‍റെ അനുമതി ലഭിക്കാതെയാണ് നിര്‍മാണം പൂർത്തിയാക്കിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കെട്ടിട നമ്പര്‍ അനുവദിക്കാതെ അനധികൃതമായി ആളുകളെ പാര്‍പ്പിച്ചതായും രേഖകളില്‍ പറയുന്നു. റോഡ് നിരപ്പിൽ നിന്നും ഭൂമി താഴ്ത്തി കെട്ടിട നിർമാണ ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് ഫ്ലാറ്റ് നിര്‍മിച്ചതെന്നും മഴക്കാലത്ത് സമീപത്തെ വീടുകൾ വെള്ളത്തിലാകാറുണ്ടെന്നും സമീപ വാസികള്‍ പറയുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും ചിറ്റിലപ്പിള്ളിയിൽ ഇതിനെതിരെ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. അനധികൃത നിര്‍മാണമാണെന്നും ഇതിനെതിരെ വൻ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതാണെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം അഡ്വ. രവിപ്രകാശ് അഭിപ്രായപ്പെട്ടു.