തൃശ്ശൂർ: മറ്റത്തൂർ കുഞ്ഞാലിപ്പാറയിൽ പ്രവർത്തിക്കുന്ന ക്വാറി മലയോര മേഖലയുടെ ഉറക്കം കെടുത്തുകയാണ്. ക്രഷറുകളും ക്വാറിയും പ്രവര്‍ത്തിക്കുന്ന മലയോരത്ത് കവളപ്പാറയിലും പുത്തുമലയിലും സംഭവിച്ചത് പോലുള്ള ദുരന്തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. മറ്റത്തൂർ പഞ്ചായത്തിലെ കനകമല, കോടശേരി കുന്നുകളുടെ താഴ്വാരത്തുള്ള കുഞ്ഞാലിപ്പാറയിലെ എടത്താടാൻ ക്രഷര്‍ യൂണിറ്റിനെതിരെയാണ് ജനരോഷം ശക്തമാകുന്നത്.
മറ്റത്തൂർ കുഞ്ഞാലിപ്പാറയിലെ ക്വാറി ഭീഷണിയാകുന്നു - കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി
മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാകുന്നതിനാല്‍ ഖനനം നിര്‍ത്തണമെന്നാണ് ആവശ്യമുയരുന്നത്.
സ്ഥലത്ത് ഉരുള്‍പൊട്ടിയാല്‍ സമീപത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍ മണ്ണിനടിയിലാവുമെന്ന ഭീതിയാണ് നാട്ടുകാരെ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്നത്. പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മൂലം മണ്ണിടിയുമെന്നാണ് നാട്ടുകാരുടെ ഭയം. കുഞ്ഞാലിപ്പാറക്ക് താഴ്ഭാഗത്തുള്ള ഒമ്പതുങ്ങല്‍, മൂന്നുമുറി പ്രദേശങ്ങള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാല്‍ ഇവിടെ മലയിടിച്ചിലുണ്ടായാല്‍ വന്‍ദുരന്തം തന്നെ സംഭവിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
ക്രഷര്‍ യൂണിറ്റ് ആരംഭിച്ച സമയത്ത് മാസങ്ങളോളം നീണ്ട് നിന്ന ശക്തമായ ജനകീയ സമരം നടന്നിരുന്നു. മഴക്കാലമായാല്‍ കേരളത്തിലെ മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാകുന്ന സാഹചര്യത്തില്‍ മലയോട് ചേര്‍ന്ന് നടക്കുന്ന പാറഖനനം നിര്‍ത്തിവയ്ക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്. ഇതിനായി കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി എന്ന പേരില്‍ കൂട്ടായ്‌മക്ക് രൂപം കൊടുത്തിരിക്കുകയാണ് നാട്ടുകാര്‍.