കേരളം

kerala

ETV Bharat / state

രണ്ട് ലക്ഷത്തിന് പകരം രണ്ടരക്കോടിയുടെ സ്വത്ത് തട്ടാൻ ശ്രമമെന്ന് ആരോപണം - പഞ്ചാബ് നാഷണൽ ബാങ്ക്

ആരോപണം പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ. ഹൈക്കോടതി വിധി അട്ടിമറിക്കുന്നെന്നും പരാതി.

പഞ്ചാബ് നാഷണൽ ബാങ്ക്

By

Published : Jul 15, 2019, 6:57 PM IST

Updated : Jul 16, 2019, 2:16 AM IST

തൃശ്ശൂര്‍: 25 വർഷം മുമ്പ് വായ്‌പ എടുത്ത രണ്ട് ലക്ഷം രൂപക്ക് പകരമായി രണ്ടരക്കോടി വിലവരുന്ന ദേശീയപാതയോരത്തെ ഭൂമി സ്വന്തമാക്കാൻ പഞ്ചാബ് നാഷണല്‍ ബാങ്ക് ശ്രമിക്കുന്നെന്ന് പരാതി. വായ്‌പാ കുടിശികയുടെ പേരിൽ വായ്‌പ തുകയേക്കാൾ മൂല്യമുള്ള സ്ഥലം ബാങ്ക് കൈവശപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് കുടുംബത്തെ കുടിയൊഴിപ്പിക്കാനാകില്ലെന്നും ബാങ്കിന്‍റെ ബാധ്യത തീർത്ത് താമസസ്ഥലം വഴിയോട് കൂടി വിട്ടു നൽകണമെന്നും ഹൈക്കോടതി വിധിച്ചു. എന്നാല്‍ ഹൈക്കോടതി വിധി അംഗീകരിക്കാൻ ബാങ്ക് അധികൃതർ തയ്യാറാകുന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആക്ഷേപം.

കാൽനൂറ്റാണ്ട് മുമ്പാണ് ബേക്കറി നടത്തിപ്പിനായി തന്‍റെ ഇരുപത്തി മൂന്നര സെന്‍റ് സ്ഥലം ഈട് വച്ച് തൃശൂര്‍ തലോർ സ്വദേശി വർഗീസ് രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ പുതുക്കാട് നെടുങ്ങാടി ബാങ്കിൽ നിന്നും വായ്‌പ എടുക്കുന്നത്. ഇതിനിടെ നഷ്ടത്തിലായ നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് ഏറ്റെടുത്തു. വായ്‌പ തിരിച്ചടവ്‌ മുടങ്ങിയതിനെത്തുടർന്ന് 2002 ൽ ഇരിങ്ങാലക്കുട കോടതിയില്‍ നിന്നും സമ്പാദിച്ച വിധിയുടെ അടിസ്ഥാനത്തിൽ പിഎന്‍ബി വര്‍ഗീസിന്‍റെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു.

രണ്ടര ലക്ഷത്തിന് പകരം രണ്ടരക്കോടിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമം

വർഗീസിന്‍റെ മരണശേഷം ഭാര്യ ഷൈനി, മക്കളായ കുഞ്ഞുമോൾ, സിനി എന്നിവരാണ് സ്ഥലത്ത് താമസിക്കുന്നത്. ഇളയ മകൾ സിനി കാഴ്‌ച വൈകല്യമുള്ളയാളാണ്. ബാധ്യത തീർക്കാൻ ഗവർണർ ബാങ്കുമായി ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. 2009 മുതൽ 10 വർഷമായി ബാങ്കുമായുള്ള പ്രശ്നത്തെ തുടർന്ന് ഇവർ താമസിക്കുന്ന വീട്ടിലെ വൈദ്യുതി വിഛേദിച്ചിരിക്കുകയാണ്. വൈദ്യുതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒല്ലൂർ കെഎസ്ഇബിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കെഎസ്ഇബിയില്‍ നിന്ന് ലഭിച്ച മറുപടി സ്ഥലം ബാങ്കിന്‍റെ പേരിലായതിനാൽ വൈദ്യുതി അനുവദിക്കാന്‍ ആകില്ലെന്നായിരുന്നു. കെഎസ്ഇബിയുടേത് പരസ്യ നിയമലംഘനമാണെന്ന് സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.

ഹൈക്കോടതി വിധിയെപ്പോലും അംഗീകരിക്കാതെ വൈകല്യം നേരിടുന്ന കുട്ടിയടങ്ങുന്ന കുടുംബത്തെ തെരുവിലേക്കിറക്കുന്ന ബാങ്കിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് ഒമ്പതിന് പുതുക്കാട് പഞ്ചാബ് നാഷണൽ ബാങ്കിന് മുന്നിൽ വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Last Updated : Jul 16, 2019, 2:16 AM IST

ABOUT THE AUTHOR

...view details