തൃശൂർ: പുലിക്കളി കലാകാരന്‍ ചാത്തുണ്ണി (89) അന്തരിച്ചു. തൃശൂരിലെ പുലിക്കളിയില്‍ അഞ്ച് പതിറ്റാണ്ടിലേറെ കാലം തുടര്‍ച്ചയായി പുലിവേഷം കെട്ടിയിട്ടുണ്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം . കഴിഞ്ഞ കുറെ വർഷങ്ങളായി പുലിക്കളി രംഗത്തു നിന്നും വിട്ടുനിൽക്കുകയായിരുന്നു. ലക്ഷണമൊത്ത പുലിയെന്നാൽ കുടവയർ മാത്രമാണെന്ന പൊതുബോധത്തെ പൊളിച്ചെഴുതിയായിരുന്നു പതിനാറാമത്തെ വയസില്‍ പൂങ്കുന്നം ദേശത്തിനായി ചാത്തുണ്ണി ആശാന്‍ പുലിവേഷം കെട്ടിയത്. യൗവന കാലഘട്ടത്തിൽ ഫുട്‌ബോൾ ലഹരിയിൽ മൈതാനങ്ങളെ കീഴടക്കിയ ചാത്തുണ്ണി പിന്നീട് ഏറെക്കാലം തൃശ്ശൂർ ജില്ലാ പൊലീസ് ടീമിലും നിറസാന്നിധ്യമായിരുന്നു. പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ ദേശങ്ങൾക്ക് വേണ്ടി ഇദ്ദേഹം പുലിവേഷം കെട്ടിയാടിയിട്ടുണ്ട്. തൃശൂരിലെ എല്ലാ ദേശങ്ങൾക്കായും പുലിവേഷം കെട്ടിയ ആശാൻ 41 ദിവസത്തെ വ്രതത്തിന് ശേഷമാണ് പുലിയായി ഇറങ്ങുക. മറ്റ് പുലികളിൽ നിന്നും വിഭിന്നമായി വയറിൽ പുലിമുഖമില്ലാതെയാണ് ആശാൻ ഇറങ്ങുന്നത്. സാംസ്കാരിക നഗരമായ തൃശൂരിൽ പുലിക്കളിക്ക് മെലിഞ്ഞ പുലിരൂപവുമായി ചാത്തുണ്ണിയാശാൻ ഇറങ്ങുന്നത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.
പുലിക്കളി കലാകാരന്‍ ചാത്തുണ്ണി അന്തരിച്ചു - Pulikkali artist
പതിനാറാം വയസ്സിൽ ആദ്യമായി പുലിക്കളിയിലെത്തിയ ചാത്തുണ്ണി ആശാൻ 2017 ലാണ് അവസാനമായി പുലിക്കളിയിൽ പങ്കെടുത്തത്.
ആദ്യകാലത്ത് ഉലക്കകൾ ചേർത്ത് കെട്ടിയ തട്ടുകൾ ആളുകൾ ചുമലിൽ താങ്ങി നഗര പ്രദിക്ഷണം നടത്തുമ്പോൾ ആശാനടങ്ങുന്ന പുലികൾ തട്ടിൽ പുലി ചുവടുകളുമായി ആവേശം തീർക്കും. 2017 ലാണ് ആശാൻ അവസാനമായി പുലിവേഷം കെട്ടിയത്. പിന്നീട് ആകസ്മികമായി ഉണ്ടായ വീഴ്ചയിൽ പരിക്കേറ്റതിനാൽ പുലിച്ചുവടിനൊപ്പമുള്ള അരമണി കിലുക്കാൻ ചാത്തുണ്ണി ആശാനായില്ല. ഓരോ വർഷവും അസുഖം ഭേദമാകുമെന്നും പുലിക്കളിക്കിറങ്ങുമെന്നും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു ചാത്തുണ്ണി ആശാൻ. അവസാനകാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് മൂലം അയ്യന്തോളിലെ വീട് വിൽക്കേണ്ടി വന്നപ്പോൾ കല്ലൂരിലെ മകന്‍റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇവിടെ വച്ചാണ് ആശാന്‍റെ മരണം സംഭവിച്ചത്. തൃശൂരിലെ പുലിക്കളിയുടെ ചരിത്രത്തിൽ ഏറ്റവുമധികം തവണ പുലിവേഷം കെട്ടിയ റെക്കോഡും സ്വന്തം പേരിലാക്കി സ്വതസിദ്ധമായ പുലിച്ചുവടുകൾ ചരിത്രത്തിന്‍റെ ഭാഗമായി അവശേഷിപ്പിച്ചാണ് ചാത്തുണ്ണിയാശാൻ വിടവാങ്ങുന്നത്.