തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സയ്‌ക്ക് തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തില്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ച് കോണ്‍ഗ്രസും ബി.ജ.പിയും. ചൊവ്വാഴ്‌ച രാത്രിയാണ് കരുവന്നൂര്‍ സ്വദേശിയായ ഫിലോമിന(70) മരിച്ചത്. ബുധനാഴ്‌ച ഉച്ചയോടെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പൊതു ദര്‍ശനത്തിന് വച്ചതിന് ശേഷമാണ് മൃതദേഹവുമായി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട ആര്‍.ഡി.ഒ സ്ഥലത്തെത്തി മരണാനന്തര ചടങ്ങിനുള്ള പണം നല്‍കാമെന്നും വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പ് നല്‍കിയതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നിര്‍ത്തിയത്. കഴിഞ്ഞ 40 വര്‍ഷമായി ഫിലോമിനയുടെ ഭര്‍ത്താവ് ദേവസ്യ വിദേശത്ത് ജോലി ചെയ്തും ഫിലോമിന സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്തും ഉണ്ടാക്കിയ 28 ലക്ഷം രൂപയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്.