തൃശൂർ: കെഎസ്ഇബിയുടെ ആനക്കയം ജലവൈദ്യുത പദ്ധതിക്കെതിരെ തൃശൂരിൽ പ്രതിഷേധം. ആനക്കയം പദ്ധതിക്കെതിരായ സമര സമിതി ആഹ്വാനം ചെയ്‌ത സംസ്ഥാനതല പ്രതിഷേധ സമരത്തിന്‍റെ ഭാഗമായി പരിസ്ഥിതി -മനുഷ്യാവകാശ പ്രവർത്തകരാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ആദിവാസികള്‍ക്ക് വനാവകാശം ലഭിച്ച വാഴച്ചാല്‍ വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് പദ്ധതി വരുന്നത്. അനാവശ്യവും പരിസ്ഥിതി വിരുദ്ധവും ആദിവാസി വിരുദ്ധവുമായ പദ്ധതി ഉപേക്ഷിക്കണമെന്ന് സമരക്കാർ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു.
ആനക്കയം ജലവൈദ്യുത പദ്ധതിക്കെതിരെ തൃശൂരിൽ പ്രതിഷേധം - പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി
പറമ്പിക്കുളം കടുവാസങ്കേതത്തിന്‍റെ സംരക്ഷിത മേഖലയില്‍ പെടുന്ന പരിസ്ഥിതി ലോല പ്രദേശത്തെ 20 ഏക്കര്‍ കാടാണ് കെ എസ് ഇ ബി ആനക്കയത്തെ പദ്ധതിക്കായി വെട്ടി മാറ്റാന്‍ പോകുന്നത്. രണ്ടായിരത്തോളം വലിയ മരങ്ങളും അസംഖ്യം ചെറുവൃക്ഷങ്ങളും കടുവയും ആനയും വേഴാമ്പലും ഉള്‍പ്പെടെ നിരവധി വന്യ ജീവികളും ചേർന്ന പകരം വെയ്‌ക്കാനില്ലാത്ത ആവാസ വ്യവസ്ഥയാണ് ആനക്കയത്തിന്‍റേത്.
പറമ്പിക്കുളം കടുവാസങ്കേതത്തിന്‍റെ സംരക്ഷിത മേഖലയില്‍ പെടുന്ന പരിസ്ഥിതി ലോല പ്രദേശത്തെ 20 ഏക്കര്‍ കാടാണ് കെ എസ് ഇ ബി ആനക്കയത്തെ പദ്ധതിക്കായി വെട്ടി മാറ്റാന്‍ പോകുന്നത്. രണ്ടായിരത്തോളം വലിയ മരങ്ങളും അസംഖ്യം ചെറുവൃക്ഷങ്ങളും കടുവയും ആനയും വേഴാമ്പലും ഉള്‍പ്പെടെ നിരവധി വന്യ ജീവികളും ചേർന്ന ആവാസ വ്യവസ്ഥയാണ് ആനക്കയത്തിന്‍റേത്. 2018ല്‍ വലിയ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളുമുണ്ടായ ഇടത്താണ് 3.65 മീറ്റര്‍ വ്യാസത്തിലും 5.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും തുരങ്കമുണ്ടാക്കി പദ്ധതി നടപ്പാക്കുന്നത്. മരങ്ങള്‍ മുറിച്ചുമാറ്റി സ്‌ഫോടനത്തിലൂടെ മല തുരക്കുന്നത് പരിസ്ഥിതി ലോല മേഖലയായ ഇവിടേക്ക് പുതിയ ദുരന്തങ്ങളെ വിളിച്ചു വരുത്തലാണ്.
തൃശൂർ കോർപ്പറേഷന് മുൻപിൽ നടത്തിയ പ്രതിഷേധ സമരത്തിൽ മുൻ തൃശൂർ കോർപ്പറേഷൻ മേയർ കെ രാധാകൃഷ്‌ണൻ, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി പ്രവർത്തകൻ കെ ശിവരാമൻ, ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം സംസ്ഥാന കൺവീനർ ശരത് ചേലൂർ, സിപിഐ(എം എൽ) റെഡ് സ്റ്റാർ ജില്ലാ സെക്രട്ടറി എൻ ഡി വേണു, പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകരായ ജയപ്രകാശ് ഒളരി, ടി കെ വാസു, ടി കെ നവീനചന്ദ്രൻ, രാജേഷ് അപ്പാട്ട് (സി പി ഐ (എം എൽ) റെഡ് സ്റ്റാർ), പൂനം റഹിം, അഞ്ജിത എന്നിവർ പങ്കെടുത്തു.