തൃശൂര്‍: തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ദേവസ്വങ്ങള്‍. പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല. ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ക്ഷേത്ര ഭാരവാഹികള്‍, ആന പാപ്പാന്‍മാര്‍, വാദ്യക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പാസുകള്‍ നല്‍കി മാത്രം പ്രവേശനം അനുവദിക്കും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് എത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശം നൽകി.
തിരുവമ്പാടി ദേവസ്വത്തിൻ്റെ ചടങ്ങുകള്‍ ഒരു ആനപ്പുറത്ത് മാത്രമായി നടത്തും. പാറമേക്കാവിൻ്റെ ചടങ്ങുകള്‍ക്ക് 15 ആനകൾ ഉണ്ടാകും. ഇലഞ്ഞിത്തറമേളം, പ്രതീകാത്മക കുടമാറ്റം എന്നിവയും നടക്കും. വെടിക്കെട്ടുകള്‍ ഇരുവിഭാഗവും നിയന്ത്രണങ്ങളോടെ നടത്തും. ഓരോ ഘടക പൂരങ്ങള്‍ക്കും ഓരോ ആനകളും ഉണ്ടാകും. പരിശോധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും 2000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. ആറ് ഡെപ്യൂട്ടി കലക്‌ടര്‍മാരും പൂരം നടത്തിപ്പിന് നേതൃത്വം നല്‍കും. പൂരം പങ്കാളികളായ ദേവസ്വങ്ങള്‍, ഘടകക്ഷേത്രങ്ങള്‍, എന്നിവിടങ്ങളിലെ സംഘാടകര്‍, ക്ഷേത്രം ജീവനക്കാര്‍, ആനപാപ്പാന്‍മാര്‍, വാദ്യക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും മാത്രമായിരിക്കും പൂരപ്പറമ്പിലേക്കും സ്വരാജ് റൗണ്ടിലേക്കും പ്രവേശനം ഉള്ളത്.