കേരളം

kerala

ETV Bharat / state

" ആദ്യം കൊറോണയിറങ്ങട്ടെ ഗഡീ... എന്നിട്ടാകാം തെക്കോട്ടിറക്കം" - കൊവിഡിൽ പൂരം

നെറ്റിപ്പട്ടം അണിഞ്ഞ ഗജവീരന്മാരും നാദ വിസ്‌മയം തീർക്കുന്ന വാദ്യങ്ങളുടെ അകമ്പടിയുമില്ലാതെ ഇന്ന് തൃശൂർ പൂരം. പൂരം ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാക്കി മാറ്റിയ തൃശൂർക്കാരുടെ പ്രതികരണങ്ങളിലേക്ക്..

pooram lovers news  പൂരപ്രേമികൾ  തൃശൂർ പൂരം 2020  തൃശൂർ പൂരം വാർത്തകൾ  കൊവിഡിൽ പൂരം  covid thrissur pooram
പൂരം

By

Published : May 2, 2020, 10:58 AM IST

Updated : May 2, 2020, 3:23 PM IST

തൃശൂർ: വടക്കുംനാഥന്‍റെ മണ്ണ് നിശബ്ദമാണ്. കൊട്ടിക്കയറേണ്ട വാദ്യമേളങ്ങളില്ല. മേളപ്പെരുക്കമില്ല. ഓരോ പൂരപ്രേമിയും സ്വന്തം മനസിലാണ് ഇത്തവണ പൂരം ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷം പൂരം കഴിഞ്ഞ് ദേവിമാർ ഉപചാരം ചൊല്ലി പിരിഞ്ഞപ്പോൾ അടുത്ത വർഷത്തെ പൂരത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പൂരപ്രേമികൾ. തൃശിവപേരൂർ നഗരി ഇത്തവണ ശാന്തം. ലോകത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായ തൃശൂർ പൂരം ചരിത്രത്തിൽ ആദ്യമായി ചടങ്ങുമാത്രമായി മാറുമ്പോൾ കൊട്ടിത്തകർത്താടിയ പൂരക്കാലത്തെ ഓർത്തെടുക്കുകയാണ് പൂരപ്രേമികൾ.

പൂരോർമകളിൽ ലയിച്ച് പൂരപ്രേമികൾ

പൂരത്തിന് മാസങ്ങൾക്ക് മുമ്പേ പ്രധാന നടത്തിപ്പുകാരായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളും എട്ടു ഘടക ക്ഷേത്രങ്ങളും ചമയങ്ങളുടെയും വാദ്യമേളക്കാരുടെയും ഒരുക്കങ്ങൾ ആരംഭിക്കും. ഒരുക്കങ്ങൾ കണ്ടു വളരുന്ന ഓരോ തൃശൂർക്കാരനും പൂരപ്രേമിയായി മാറുകയാണ്. ആദ്യം കൊറോണയിറങ്ങട്ടെ എന്നിട്ടാകാം തെക്കോട്ടിറക്കമെന്ന് പറയുകയാണ് ചാക്യാർകൂത്ത് കലാകാരനും അഭിനേതാവുമായ നന്ദകിഷോർ. തൃശൂർ പൂരത്തിന്‍റെ പ്രാധാന ആകർഷണങ്ങളിൽ ഒന്നായ പാണ്ടി മേളവും ഇലഞ്ഞിത്തറ മേളവും അടങ്ങുന്ന വാദ്യ മേളങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ നൂറ്റാണ്ടിലെ കുലപതിയായ പെരുവനം കുട്ടൻ മാരാർ ലോക്ക് ഡൗണിൽ വീട്ടിൽ കഴിയുകയാണെങ്കിലും പൂരാവേശം ഒട്ടും കുറയാതെ നഷ്ടപ്പെട്ട പൂരത്തിന് പകരമായി അടുത്ത വർഷത്തെ പൂരത്തിനായുള്ള കാത്തിരിപ്പിലാണ്.

പൂര പ്രേമികൾക്കൊപ്പം ഉത്സവ നടത്തിപ്പുകാരും നിറമില്ലാത്ത ആദ്യ പൂരത്തിൽ അതീവ ദു:ഖിതരാണ്. പൂരത്തിരക്കുകളിൽ ലയിച്ചു ചേരേണ്ട നിമിഷങ്ങളെ കൊവിഡ് കൊണ്ടുപോയതിലെ ദു:ഖം ഇവരും പങ്കുവയ്ക്കുന്നു. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ വന്നെത്തുന്ന വർണനകൾക്കതീതമായ ശ്രവ്യ വർണ കാഴ്‌ചകൾ ഈ തവണയില്ലെന്ന തിരിച്ചറിവിലേക്ക് പൂരനഗരിയും പൂരപ്രേമികളും എത്തിക്കഴിഞ്ഞു. ഇനി ഒരു കാത്തിരിപ്പാണ്... മഹാമാരിയിൽ നിന്ന് അതിജീവനത്തിന്‍റെ തിളക്കത്തോടെ അടുത്ത വർഷത്തെ പൂരത്തെ വരവേൽക്കാനായുള്ള കാത്തിരിപ്പ്...

Last Updated : May 2, 2020, 3:23 PM IST

ABOUT THE AUTHOR

...view details