തൃശൂർ:വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയ ശേഷം വീണ്ടും തിരികെ എത്തിച്ച് പോസ്‌റ്റ്‌മോർട്ടം നടത്തിയ സംഭവത്തില്‍ മെഡിക്കൽ കോളജ് അധികൃതര്‍ക്കെതിരെ പൊലീസിന്‍റെ റിപ്പോര്‍ട്ട്. സംഭവത്തിൽ തൃശൂർ മെഡിക്കൽ കോളജിന്‍റെത് ഗുരുതര വീഴ്‌ചയെന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് വടക്കാഞ്ചേരി പൊലീസ് റിപ്പോർട്ട് നൽകി.
മരണം നടന്നത് ഡ്യൂട്ടി ഡോക്‌ടർ പൊലീസില്‍ അറിയിച്ചില്ലെന്നും ആശുപത്രിയുടെ രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്നത് മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി എത്തിച്ച ശേഷമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ജൂൺ എട്ടിന് രാത്രിയാണ് വടക്കാഞ്ചേരി കാഞ്ഞിരക്കോട് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യൂസഫ് എന്നയാള്‍ക്ക് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ യൂസഫിനെ ഉടൻ തന്നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്‌ക്കിടെ ശനിയാഴ്‌ച(ജൂണ്‍ 11) ഇയാള്‍ മരിച്ചു. മരണ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർ പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂര്‍ത്തീകരിക്കാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. എന്നാല്‍ അടുത്ത ദിവസം രാവിലെ ഡ്യൂട്ടി ഡോക്‌ടർ എത്തിയപ്പോഴാണ് പോസ്‌റ്റ്‌മോർട്ടം നടത്തിയില്ലെന്നും മൃതദേഹം ബന്ധുക്കൾ കൊണ്ടുപോയെന്നും അറിഞ്ഞത്.
ഇതോടെ മെഡിക്കൽ കോളജ് അധികൃതർ ബന്ധുക്കളെ ബന്ധപ്പെട്ടു. യൂസഫിന്‍റെ ഖബറടക്കത്തിനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം അപ്പോള്‍. ജനപ്രതിനിധികൾ ഇടപെട്ടതോടെ ബന്ധുക്കൾ മൃതദേഹം വിട്ടുനൽകി. ഇതോടെ ആശുപത്രിയിൽ നിന്ന് ഒരു സംഘം ഉദ്യോഗസ്ഥര്‍ എത്തി മൃതദേഹം തിരികെ കൊണ്ടുപോയി.
സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറോട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന് പിന്നാലെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അടങ്ങിയ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പിഴവ് വരുത്തിയവർക്കെതിരെ നടപടിയുണ്ടായേക്കും.