തൃശൂര്‍: മോഹനൻ വൈദ്യരുടെ പരിശോധനാ കേന്ദ്രത്തിൽ പൊലീസിന്‍റെയും ഡിഎംഒയുടെയും നേതൃത്വത്തിൽ റെയ്‌ഡ്. തൃശൂര്‍ രായിരത്ത് ഹെറിറ്റേജിലാണ് റെയ്‌ഡ് നടന്നത്.
മോഹനൻ വൈദ്യരുടെ തൃശൂരിലെ പരിശോധനാ കേന്ദ്രത്തിൽ റെയ്‌ഡ് - thrissur latest news
പട്ടിക്കാട് പാണഞ്ചേരിയിലെ രായിരത്ത് ഹെറിറ്റേജ് റിസോർട്ടിൽ ചികിത്സയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഹനൻ വൈദ്യർ അറിയിച്ചിരുന്നു
പട്ടിക്കാട് പാണഞ്ചേരിയിലുള്ള രായിരത്ത് ഹെറിറ്റേജ് റിസോർട്ടിൽ ചികിത്സയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഹനൻ വൈദ്യർ അറിയിച്ചിരുന്നു. ബന്ധപ്പെടേണ്ട നമ്പറും ഓരോ ദിവസങ്ങളിലും ചികിത്സ നടത്തുന്ന ഇടങ്ങളും അടങ്ങുന്നതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൊവിഡ് 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എന്ത് ചികിത്സയാണ് മോഹനൻ വൈദ്യർ നൽകുന്നതെന്ന വിവരങ്ങൾ തേടിയാണ് ഡിഎംഒയും പൊലീസും നേരിട്ടെത്തി പരിശോധന നടത്തിയത്.
മോഹനൻ വൈദ്യരുടെ ചികിത്സിയിലിരുന്ന ജനിതക രോഗം ബാധിച്ച ഒന്നര വയസുകാരി മരിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. വൈറസ് എന്നൊന്നില്ലെന്നും ആധുനിക വൈദ്യശാസ്ത്രം ഫലപ്രദമല്ലെന്നും പാരമ്പര്യ വൈദ്യം മാത്രമാണ് ശരിയെന്നും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്ന മോഹനൻ വൈദ്യർ ജാമ്യത്തിലിറങ്ങിയ ശേഷവും ചികിത്സ തുടരുകയായിരുന്നു. മുമ്പ് നിപ വൈറസ് ഭീഷണി നിലനിന്നപ്പോഴും വ്യാജ നിലപാടുകളും ചികിത്സാരീതികളുമായി മോഹനൻ വൈദ്യർ രംഗത്തെത്തിയിരുന്നു.