തൃശൂർ: മയക്കുമരുന്നുകള്‍ മണത്ത് കണ്ടെത്തുന്ന 'റാണ' എന്ന പൊലീസ് നായ കൊടുങ്ങല്ലൂരിലെത്തി. കൊടുങ്ങല്ലൂരും പരിസരങ്ങളിലുമുള്ള മയക്കുമരുന്ന് മാഫിയക്കെതിരെ നടപടി കടുപ്പിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് ഏർപ്പെടുത്തിയ ഓപ്പറേഷൻ 'ക്രിസ്റ്റൽ'ന്‍റെ ഭാഗമായാണ് 'റാണ' എന്ന പൊലീസ് നായ കൊടുങ്ങല്ലൂരിലെത്തിയത്.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കറിൻ്റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും ചേർന്ന് അഴീക്കോട് മുനക്കൽ ബീച്ച്, അഴീക്കോട് ജെട്ടി, കോട്ടപ്പും പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപക തെരച്ചിൽ നടത്തി. രണ്ട് അടി താഴ്‌ചയിൽ വരെ ലഹരിവസ്‌തുക്കൾ കുഴിച്ചിട്ടിട്ടുണ്ടെങ്കിൽ പോലും റാണ മണം പിടിച്ച് കണ്ടെത്തും.
മയക്കുമരുന്നുകള്‍ മണത്ത് കണ്ടെത്തുന്ന 'റാണ' എന്ന പൊലീസ് നായ കൊടുങ്ങല്ലൂരിലെത്തി ഇരിങ്ങാലക്കുടയിൽ നിന്നു വന്ന 'കെ. 9' ഡോഗ് സക്വാഡാണ് അന്വേഷണ സംഘത്തോടൊപ്പം ചേർന്ന് പരിശോധന നടത്തിയത്. കഞ്ചാവിനോടൊപ്പം മാരക മയക്കുമരുന്നായ എം.ഡി.എം.എയാണ് വ്യാപകമായി ലഹരിമാഫിയ വിതരണം ചെയ്യുന്നത്. വൻ റാക്കറ്റ് തന്നെ കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും മയക്കുമരുന്ന് വിതരണത്തിനുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ നിന്നും എം.ഡി.എം.എയുമായി മയക്കുമരുന്ന് സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും നായയെ ഉപയോഗിച്ചുള്ള പരിശോധന തുടരുമെന്ന് ഡിവെെ.എസ്.പി അറിയിച്ചു.
Also Read: ജോജു മാപ്പുപറയണമെന്ന കോണ്‍ഗ്രസ് ആവശ്യം വിചിത്രം: എ വിജയരാഘവന്‍