തൃശൂര്‍ : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി (PM Modi at Suresh Gopi's daughter's marriage). വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി രാവിലെ 7.45ഓടെ ഗുരുവായൂരില്‍ എത്തിയിരുന്നു. ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷമാണ് പ്രധാനമന്ത്രി വിവാഹ ചടങ്ങിനായി ക്ഷേത്രത്തില്‍ എത്തിയത്. ഇതിനിടെ മോദി ക്ഷേത്ര ദര്‍ശനവും നടത്തിയിരുന്നു.
ദര്‍ശനം പൂര്‍ത്തിയാക്കി ഗസ്റ്റ് ഹൗസിലെത്തി ദര്‍ശന സമയത്ത് ധരിച്ച വസ്‌ത്രം മാറിയാണ് പ്രധാനമന്ത്രി വിവാഹ ചടങ്ങിനെത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ വിവാഹിതരായ മറ്റ് വധൂവരന്‍മാര്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു. ക്ഷേത്രത്തില്‍ എത്തിയ നരേന്ദ്ര മോദി ഗുരുവായൂരപ്പന്‍റെ ദാരു ശിൽപം സമർപ്പിച്ചു. ശ്രീ കോവിലിന് ചുറ്റും പ്രദക്ഷിണം വച്ച് നമിച്ചു. തുടർന്ന് താമര മൊട്ടുകൾ കൊണ്ട് തുലാഭാരവും നടത്തി.
പ്രധാനമന്ത്രിയെ തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡന്‍റ് പൊഫ.വിജയൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. കേരളീയ വേഷത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം. ഒരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ചെലവഴിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഏര്‍പ്പെടുത്തിയത്.