തൃശൂർ: ചിങ്ങമാസത്തിലെ മകയിര്യം നാളായിരുന്ന ഞായറാഴ്ച ദിനത്തിൽ ഗുരുവായൂരില്‍ വൻ ഭക്തജനത്തിരക്ക്. 186 വിവാഹങ്ങളും 689 കുരുന്നുകൾക്ക് ചോറൂണും ഗുരുപവനപുരിയില്‍ നടന്നു. ക്ഷേത്ര നട തുറന്നിരിക്കുമ്പോൾ പ്രത്യേക മുഹൂർത്തം നോക്കാതെ മണ്ഡപത്തിൽ താലികെട്ടാമെന്നതിനാൽ മൂന്നു കല്യാണ മണ്ഡപങ്ങളിലും വൻ തിരിക്കായിരുന്നു.
ചിങ്ങത്തിരക്കില്‍ ഗുരുവായൂർ ; ഇന്നലെ 186 വിവാഹങ്ങളും 689 ചോറൂണും - ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്ക്
ചിങ്ങത്തിൽ ഇനിയും നല്ല മുഹൂർത്തങ്ങൾ ഉള്ളതിനാൽ വരും ദിവസങ്ങളിലും തിരക്ക് അനുഭവപ്പെടാമെന്ന് അധികൃതർ
രാവിലെ നേരത്തെ മുതൽ തന്നെ ക്ഷേത്രാങ്കണം കല്യാണത്തിനെത്തിയവരുടെ തിരക്കിലായി. റോഡുകളെല്ലാം വാഹനങ്ങളാൽ നിറഞ്ഞു. ക്ഷേത്രനഗരിയിലെ ലോഡ്‌ജുകളെല്ലാം കഴിഞ്ഞ ദിവസം തന്നെ നിറഞ്ഞിരുന്നു. ദർശനത്തിനായി എത്തിയ നൂറുകണക്കിനു ഭക്തർ മുറി കിട്ടാതെ വലഞ്ഞു. പാർക്കിങ് ഗ്രൗണ്ടുകൾ പൂർണമായും വാഹനങ്ങളാല്‍ നിറഞ്ഞതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. റോഡിനു സമീപത്തായിരുന്നു വാഹനങ്ങൾ പാർക്കു ചെയ്തിരുന്നത്. ഈ വർഷം ചിങ്ങ മാസത്തിൽ ഇനിയും നല്ല മുഹൂർത്തങ്ങൾ ഉള്ളതിനാൽ വരും ദിവസങ്ങളിലും തിരക്ക് അനുഭവപ്പെടാമെന്ന് അധികൃതർ പറഞ്ഞു.